കൊച്ചി പനമ്പിള്ളി നഗറിലെ ഫ്ലാറ്റില്‍ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണ്. 23 വയസുള്ള പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രക്ഷിതാക്കള്‍ക്ക് പങ്കില്ലെന്നാണ് പോലീസ് നിഗമനം.
പ്രസവം നടന്നത് ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ്. പെണ്‍കുട്ടി തന്നെയാണ് കൃത്യം നടത്തിയത്. കഴുത്തില്‍ തുണിമുറുക്കി കൊലപ്പെടുത്തിയ ശേഷം വലിച്ചെറിഞ്ഞെന്നാണ് മൊഴി. സമീപത്തെ മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിയാനായിരുന്നു ലക്ഷ്യം. എന്നാല്‍ മൃതദേഹം റോഡില്‍ വീഴുകയായിരുന്നു.
സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഫ്ലാറ്റിലുണ്ടായിരുന്ന അച്ഛനേയും അമ്മയെയും മകളേയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. 15 വർഷമായി ഫ്ലാറ്റില്‍ താമസിക്കുകയാണിവർ.