ബെംഗളൂരു: ലിവ് ഇൻ പങ്കാളിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് പിടിയിൽ. ബാഗൽകോട്ടിലാണ് സംഭവം. മനേഷ് പൗട്ടർ (42) ആണ് പിടിയിലായത്. വിജയപുര സിറ്റിയിൽ താമസിക്കുന്ന ലക്ഷ്മി ബാഡിഗർ (32) ആണ് ആക്രമണത്തിനിരയായത്. 10 ദിവസം മുമ്പ് സാമ്പത്തിക പ്രശ്‌നങ്ങളെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതേ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ മനേഷ് ചൊവ്വാഴ്ച തിരിച്ചെത്തുകയും ലക്ഷ്മിക്ക് നേരെ ആസിഡ് ആക്രമണം നടത്തുകയുമായിരുന്നു.
ലക്ഷ്മിയും മനേഷും കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ് കഴിഞ്ഞ മൂന്ന് വർഷമായി ഗദ്ദൻകേരി ക്രോസിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ലക്ഷ്മിക്ക് വിവാഹത്തിൽ എട്ടുവയസ്സുള്ള മകളും പ്രതിക്ക് മൂന്ന് കുട്ടികളുമുണ്ടെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ ലക്ഷ്മിയുടെ മുഖത്തും കണ്ണിലും പൊള്ളലേറ്റു. പ്രതിയെ അറസ്റ്റുചെയ്ത് 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പോലീസ് പറഞ്ഞു.













