ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍.എസ്.എസ്) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കറന്‍സിയില്‍ ഭാരത് മാതയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ കറന്‍സിയില്‍ ആദ്യമായാണ് ഭാരതാംബയെ ഉള്‍പ്പെടുത്തുന്നത്. ഇതിനൊപ്പം ഒരു പ്രത്യേക തപാല്‍ സ്റ്റാമ്പും പുറത്തിറക്കി.100 രൂപ നാണയത്തില്‍ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദമുദ്രയില്‍ സിംഹത്തോടുകൂടിയ ഭാരതാംബയുടെ ചിത്രവുമാണുള്ളത്. ഭക്തിയോടെയും അര്‍പ്പണബോധത്തോടെയും സ്വയംസേവകര്‍ ഭാരതാംബയ്ക്കു മുന്നില്‍ പ്രണമിക്കുന്നതായും ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്. ആര്‍.എസ്.എസ് മുദ്രാവാക്യമായ “രാഷ്ട്രായ് സ്വാഹാ, ഇദം രാഷ്ട്രായ, ഇദം ന മമ” നാണയത്തില്‍ ഉണ്ട്.
നാളെ വിജയദശമിയാണ്. തിന്മയുടെ മേൽ നന്മയുടെയും, അനീതിയുടെ മേൽ നീതിയുടെയും, അസത്യത്തിൻ്റെ മേൽ സത്യത്തിൻ്റെയും, അന്ധകാരത്തിൻ്റെ മേൽ പ്രകാശത്തിൻ്റെയും വിജയത്തെ പ്രതീകപ്പെടുത്തുന്ന ഉത്സവമാണത്. 100 വർഷം മുമ്പ് ദസറ ദിനത്തിൽ ആർഎസ്എസ് സ്ഥാപിക്കപ്പെട്ടത് വെറുമൊരു യാദൃച്ഛികതയല്ല. ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്ന ഒരു പാരമ്പര്യത്തിൻ്റെ പുനരുത്ഥാനമായിരുന്നു അത്. സംഘത്തിൻ്റെ ശതാബ്ദിക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ നമ്മൾ ഭാഗ്യവാന്മാരാണ്.” ആർഎസ്എസ് ശതാബ്ദി ആഘോഷത്തിൽ സംസാരിക്കവെ, പ്രധാനമന്ത്രി മോദി പറഞ്ഞു.
1963 ലെ റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍.എസ്.എസ് സ്വയംസേവകര്‍ പങ്കെടുത്തത് എടുത്തുകാണിക്കുന്ന തപാല്‍ സ്റ്റാമ്പ്, സംഘടനയുടെ ചരിത്രപരമായ സംഭാവനകള്‍ക്ക് അടിവരയിടുന്നു. ഭാരതമാതാവിനും ആര്‍.എസ്.എസിന്റെ ഒരു നൂറ്റാണ്ട് നീണ്ട സേവന-സമര്‍പ്പണ യാത്രയ്ക്കും അഭിമാനകരമായ ആദരാഞ്ജലിയായി പ്രധാനമന്ത്രി മോദി ഈ നിമിഷത്തെ വിശേഷിപ്പിച്ചു.
സാംസ്‌കാരിക മന്ത്രാലയമാണ് ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് എന്നിവര്‍ പങ്കെടുത്തു.
SUMMARY: 100 years of RSS; Prime Minister Narendra Modi released a special coin and stamp