തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി. എസ്.പി. ശശിധരനാണ് എൻ. വാസുവിന്റെ മൊഴിയെടുത്തത്. വാസുവിന്റെ പിഎ സുധീഷ് കുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തിരിക്കുന്നത്. ദേവസ്വത്തിന്റെ കമ്മീഷണറും പ്രസിഡന്റുമായി പ്രവര്‍ത്തിച്ച എന്‍ വാസുവിനെതിരെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പല കോണില്‍ നിന്നും ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
എസ്ഐടിയുടെ അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് ഇതോടെ പുറത്തുവരുന്നത്. അറസ്റ്റിലായ സുധീഷ് കുമാറിനെ കോടതി റിമാൻഡ് ചെയ്‌തിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ദേവസ്വത്തിലെ മുൻ ഉന്നതോദ്യോഗസ്ഥരെ എസ്‌ഐടി ചോദ്യം ചെയ്യും എന്ന വിവരം പുറത്തുവന്നിരുന്നു. ഇതിനിടെയാണ് വാസുവിനെ ചോദ്യം ചെയ്‌തത്. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ, മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജു എന്നിവരെയും ചോദ്യം ചെയ്യും. ശേഷം ഇവരെ അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്.
SUMMARY: Sabarimala gold theft: SIT questions former Devaswom Board president N. Vasu














