ബെംഗളൂരു: യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ ഓഗസ്റ്റ് 15ന് സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്നതായി ബിഎംആർസി. ആദ്യഘട്ടത്തിൽ 3 ട്രെയിനുകൾ 20 മിനിറ്റ് ഇടവേളകളിൽ ഓടിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബിഎംആർസി എംഡി മഹേശ്വർ റാവു പറഞ്ഞു. പാത ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് തേജസ്വി സൂര്യ എംപിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിനു പിന്നാലെയാണ് പ്രതികരണം.
പാതയിൽ സ്വതന്ത്ര ഏജൻസി നടത്തിയ സുരക്ഷാ പരിശോധനയുടെ റിപ്പോർട്ട് നാളെ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ പരിശോധനയ്ക്കായി റെയിൽവേയെ സമീപിക്കും. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ചതിനു ശേഷമാകും സർവീസ് ആരംഭിക്കാനാകുക. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരു മാസത്തെ സമയം വേണ്ടി വരും. അതിനാൽ ഓഗസ്റ്റ് 15ന് സർവീസ് തുടങ്ങാൻ ലക്ഷ്യമിട്ട് നടപടികൾ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ട്രാക്കിന്റെയും സ്റ്റേഷനുകളുടെയും നിർമാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും സർവീസ് ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
SUMMARY: Aiming to open yellow line of Bengaluru Metro by August 15 says BMRCL MD