ബെംഗളൂരു: ബെംഗളൂരുവിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ 13കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടില്‍ താത്കാലിക ഡ്രൈവറായി ജോലി ചെയ്തിരുന്ന ഗുരുമൂർത്തി, ഇയാളുടെ സഹായിയായ ഗോപാലകൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് ഇരുവരെയും അറസ്റ്റുചെയ്തത്.
പ്രതികള്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ ഹുളിമാവു പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ കുമാരസ്വാമി ബി.ജി., സബ്-ഇൻസ്പെക്ടർ അരവിന്ദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാത്രി ഒരുമണിയോടെ ഇവരെ വളയുകയായിരുന്നു. പ്രതികൾ പോലീസിന് നേരെ കത്തി ഉപയോഗിച്ച് ആക്രമിച്ചതിനെ തുടർന്ന് പോലീസ് സ്വയരക്ഷാർത്ഥം അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുമൂർത്തിയുടെ രണ്ട് കാലുകളിലും ഗോപികൃഷ്ണയുടെ വലത് കാലിലും വെടിയുണ്ടകൾ തറച്ചു. ഇരുവരെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരക്കെരെ വൈശ്യ ബാങ്ക് കോളനിയിൽ താമസിക്കുന്ന ക്രൈസ്റ്റ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി നിശ്ചിത് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. വൈകുന്നേരം അഞ്ചിന് ട്യൂഷന്‍ ക്ലാസിനായി വീട്ടില്‍ നിന്ന് പോയ കുട്ടിയെ അരെക്കെരെ 80 ഫീറ്റ് റോഡില്‍ നിന്നാണ് കുട്ടിയെ കാണാതായത്. രാത്രി വൈകിയിട്ടും കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് സ്വകാര്യ കോളജിലെ അസിസ്റ്റന്റ് പ്രഫസറായ പിതാവ് ജെ സി അചിതും ഭാര്യയും പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ട്യൂഷന് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങിയതായി അറിഞ്ഞു. നിശ്ചിതിന്റെ സൈക്കിള്‍ ഒരു പാര്‍ക്കിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ മാതാപിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതി നല്‍കി അധികം വൈകാതെ, കുട്ടിയെ തട്ടിക്കൊണ്ടുപോയതായും വിട്ടയയ്ക്കാന്‍ അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് കുടുംബത്തിന് ഫോണ്‍ കോള്‍ ലഭിച്ചത്. ഇതനുസരിച്ച് തട്ടിക്കൊണ്ടുപോകലിന് ഹൂളിമാവ് പോലീസ് സ്റ്റേഷനില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തു.
കുട്ടിയെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം പുരോഗമിക്കവെയാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്ത് നിശ്ചിതിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
SUMMARY: 13-year-old kidnapped and killed for ransom in Bengaluru; Two arrested