ന്യൂഡല്‍ഹി: ഐഎസ്‌ആർഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 8:55 നാണ് ദൗത്യം പറന്നുയർന്നത്. അമേരിക്കൻ ഉപഗ്രഹത്തെയാണ് ഇന്ത്യയുടെ റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിച്ചത്. ബാഹുബലി എന്ന് വിശേഷണമുള്ള എല്‍വിഎമ്മിന്റെ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ദൗത്യമാണിത്.
അമേരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക്-2 എന്ന ആശയവിനിമയ ഉപഗ്രഹമായമാണ് ഭ്രമണപഥത്തിയത്. ഇന്ത്യൻ മണ്ണില്‍ നിന്ന് എല്‍വിഎം3 വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ പേലോഡ് കൂടിയാണിത്. 6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 4,200 കിലോഗ്രാമാണ് എല്‍വിഎമ്മിന്റെ സ്റ്റാൻഡേർഡ് ശേഷി. ഈ റെക്കോർഡാണ് ബാഹുബലി ഭേദിച്ചിരിക്കുന്നത്. ഇസ്രോയും യുഎസ് ആസ്ഥാനമായുള്ള എഎസ്‌ടി സ്‌പേസ് മൊബൈലും തമ്മില്‍ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായായിരുന്നു ദൗത്യം.
ലോകത്തിലെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത സെല്ലുലാർ ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് എഎസ്ടി സ്‌പേസ് മൊബൈല്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ മൊബൈല്‍ ഫോണുകളില്‍ ഉപഗ്രഹ ഇന്റർനെറ്റ് നേരിട്ട് ലഭ്യമാകും. മാത്രമല്ല കോടിക്കണക്കിന് മൊബൈല്‍ വരിക്കാരുടെ കണക്റ്റിവിറ്റി പ്രശ്നങ്ങള്‍ ഇല്ലാതാക്കും. ഭൂമിയിലെ ഏറ്റവും വിദൂര സ്ഥലങ്ങളില്‍ നിന്ന് പോലും തടസ്സമില്ലാത്ത വീഡിയോ കോളുകളും വെബ് ബ്രൗസിംഗും സാധ്യമാകും.
SUMMARY: Bahubali makes history; LVM 3M6 launch successful














