തിരുവനന്തപുരം: സിപിഐ പുറത്താക്കിയ മീനാങ്കല്‍ കുമാര്‍ കോണ്‍ഗ്രസിലേക്ക്. എഐടിയുസിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന മീനാങ്കല്‍ കുമാറിനെ സിപിഐ പുറത്താക്കിയിരുന്നു. അതിനുപിന്നാലെ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മീനാങ്കല്‍ കുമാര്‍ ഇന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫില്‍ നിന്നും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും.
പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗമായിരുന്ന മീനാങ്കല്‍ കുമാറിനെ കഴിഞ്ഞ സമ്മേളനത്തില്‍ സിപിഐ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു വിഭാഗം സിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മീനാങ്കല്‍ കുമാറും തന്നെ മാറ്റിയ നിലപാടിനോട് യോജിച്ചിരുന്നില്ല. മീനാങ്കല്‍ കുമാര്‍ വൈഎംസിഎ ഹാളില്‍ തൊഴിലാളികളുടെ സമാന്തരയോഗം വിളിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
മീനങ്കലില്‍ താന്‍ സ്ഥാപിച്ച ചാരിറ്റബിള്‍ ട്രസ്റ്റിനെയും സിപിഐയെയും ഒരുപോലെയാണ് കാണുന്നതെന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം വിവാദമായിരുന്നു. എന്നാല്‍, താന്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും, എഐടിയുസി ജില്ലാ സെക്രട്ടറിയായിരുന്ന തന്നെ യൂണിയന്‍ ഓഫീസില്‍ കയറുന്നതില്‍ നിന്നു പോലും പാര്‍ട്ടി വിലക്കിയെന്നും മീനാങ്കല്‍ കുമാര്‍ ആരോപിച്ചിരുന്നു.
SUMMARY: Former CPI leader Meenangal Kumar joins Congress














