Follow the News Bengaluru channel on WhatsApp

ഹരിനാരായണന്‍ ഒരു നന്മ

ഡയാസ്പൊറ 

കഥ -കവിത
പ്രത്യേക പതിപ്പ് 
കഥ : ഹരിനാരായണന്‍ ഒരു നന്മ
രാജേഷ് വെട്ടംതൊടി

 

ഹരിയുടെ കഥ തുടങ്ങാണ് ട്ടോ.

ജയേട്ടോ, കാറില്‍ കയറി വണ്ടി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ എന്നും മനസ്സ് ഓടി പോണത് മുപ്പതു കൊല്ലം മുമ്പത്തെ ഒരു മെജസ്റ്റിക് ബസ്റ്റാന്‍ഡിലേക്കാണ് ട്ടോ. ചേര്‍പ്പുളശ്ശേരിന്നു ബാംഗളൂരിലേക്ക് വരണത് പെരിന്തല്‍മണ്ണയില്‍ നിന്ന് ആനവണ്ടിയുടെ മൈസൂര്‍ ഫാസ്റ്റിലാണ്. അമ്പത്താറു ഉറുപ്പിക കൊണ്ട് മൈസൂരില്‍ എത്തായിരുന്നു അന്നൊക്കെ. അവിടുന്ന് 23 ഉറുപ്പിക കൊടുത്താല്‍ ബംഗളൂരിലെ മെജസ്റ്റിക് ബസ് സ്റ്റാന്റിലും എത്തൂട്ടോ.
പ്രശ്‌നം ന്താച്ചാ രാത്രി രണ്ടു മണിക്കാ വരാ. ഇന്നത്തെ പോലെ കൂടുതല്‍ തീവണ്ടി ഒന്നും അന്ന്ണ്ടാര്‍ന്നില്ലേയ്. കന്യാകുമാരി വണ്ടി മാത്രാ തീവണ്ടിന്നു പറയാന്‍ ഓടിയിര്‍ന്നത്. അതിനു ടിക്കറ്റ് കിട്ടണച്ചാല് ന്റെ ശിവനെ ഒരു രണ്ടു മാസം മുമ്പെങ്കിലും ബുക്ക് ചെയേണ്ടിരുന്നു.

അങ്ങിനെ ബസ് സ്റ്റാന്‍ന്റില് രണ്ടു മണിക്ക് വന്നെറങ്ങി. ഓട്ടോല് പോവാന്‍ കാശ്ണ്ടാവില്യ. പിന്നെ രാവിലെ നാലരക്കുള്ള 273 ബസ്സില്‍ കയറിട്ടാണ് മത്തിക്കരയില്‍ എത്താ. അന്നൊക്കെ 273 ബസ്സ് അയ്യപ്പന്റെ അമ്പലം വരെ ഓടിയിരുന്നുള്ളൂ.

നല്ല തണുപ്പായിരുന്നു ട്ടോ ജയേട്ടാ. വിറച്ചു വിറച്ചു ഒരു സിമന്റ് ബെഞ്ചില്‍ ഇരിക്കുമ്പോളാണ് റോന്തു ചുറ്റണ പോലീസുകാരുടെ കണ്ണില്‍ പെട്ടത്.
പിന്നെ അവരുടെ ചോദ്യങ്ങളായി. വിചാരണയായി. എന്തിനു പറേണു അമ്മ തന്നയച്ച കടുമാങ്ങ അച്ചാര്‍വരെ പുറത്തെടുപ്പിച്ചു പരിശോധിച്ചു ട്ടോ.
ന്താ ഭാഗ്യണ്ടായേന്നറിയ്യോ. കന്നഡ അറിയാത്തതു കൊണ്ടു അവരു പറഞ്ഞ ചീത്തയൊന്നും നിക്കങ്ങ് മനസ്സിലായില്ല. ജീവന്‍ കിട്ട്യപ്പൊ ബാഗും എടുത്തു 273 ബസ്സിന്റെ സ്റ്റോപ്പിലിക്കു ഒറ്റ ഓട്ടര്‍ന്നു ന്റെ ജയേട്ടാ.

പാവം ഹരി. ഇങ്ങനത്തെ ഏറെ അനുഭവങ്ങള്‍ ധാരാളമുണ്ടവന്. മുപ്പതു കൊല്ലം കൊണ്ടു ഉദ്യാന നഗരം കുതിച്ചു ഇന്നത്തെ സിലിക്കണ്‍ സിറ്റി ആയെങ്കിലും അവന്റെ അനുഭവങ്ങള്‍ എല്ലാം ഇന്നലെയോ മിനിഞ്ഞാന്നോ കഴിഞ്ഞപോലെ.

മത്തിക്കരയില്‍ നിന്ന് യശ്വന്തപുരം പോവുന്ന ഫസ്റ്റ് മെയിന്‍ റോഡിലുണ്ടായിരുന്ന മോഹന്‍ജിയുടെ ചായക്കടയില്‍ നിന്ന് ഒരു ചായ വാങ്ങി കുടിച്ചുകൊണ്ട് നില്‍ക്കുമ്പോളാണ് ബാഗും തൂക്കിയുള്ള ഒരു നാട്ടുമ്പുറത്തുകാരന്റെ വരവ്.
മോഹന്‍ജിയോട് എന്തൊക്കെയോ മുറിയന്‍ ഇംഗ്ലീഷില്‍ ചോദിക്കുന്നു.
പയന്നൂര്‍കാരന്‍ മോഹന്‍ജി ആണ് അന്ന് വിജയലക്ഷ്മി ബില്‍ഡിംഗിന്റെ നോക്കി നടത്തിപ്പുകാരന്‍. അതിന്റെ മുന്‍പില്‍ ചെറിയ ഒരു മുറിയില്‍ ആയിരുന്നു അയാളുടെ ചായക്കട. ചായയും ബിസ്‌ക്കറ്റും സിഗരറ്റും ഒക്കെ വില്‍ക്കുന്ന ഒരു ചെറിയ സ്ഥാപനം.
മോഹന്‍ജി എന്തെക്കെയോ തല പുകഞ്ഞു ആലോചിക്കുന്നുണ്ടായിരുന്നു.
പിന്നെ എന്നോട് ചോദിച്ചു ‘ഞ്ഞ് അറിയോ ജയാ പ്രദീപിനെ’. ‘ഓനെ തെരഞ്ഞാ വന്നേക്കണത്’.
‘നാട്ടില്‍ നിന്നാണോ’? ‘ന്താ പേര്’? ഞാന്‍ ഒരു പുഞ്ചിരിയോടെ ചോദിച്ചു.

‘അതേലോ. ചേര്‍പ്പുളശ്ശേരിന്നു ആണ് ട്ടോ. ഹരിനാരായണന്‍. ഏട്ടന്‍ മലയാളി ആണല്ലേ. നന്നായി ട്ടോ. ഇല്ലെങ്കില് ആകെ കഷ്ടപ്പെട്ടിട്ടുണ്ടാവും ഞാന്‍. ഏട്ടന് പ്രദീപിനെ അറിയോ. ന്റെ നാട്ടുകാരനാണ്. ഞങ്ങള് സ്‌കൂളിലും ഒന്നിച്ചാ പഠിച്ചത്’.

ഈ അഡ്രസ് ആണ് എന്ന് പറഞ്ഞത് ഒരു പോസ്റ്റ് കാര്‍ഡ് നീട്ടി അയാള്‍ പറഞ്ഞു.
‘അവന്‍ ഇവിടേണ് താമസംന്നും എന്നോട് വേണെങ്കില്‍ കൂടെ താമസിക്കാം ന്നും പറഞ്ഞു. മുന്നൂറു ഉറുപിക ആണ്‌ത്രേ വാടക. ഞാന്‍ 150 ഉറുപിക കൊടുത്താല്‍ രണ്ടാള്‍ക്കും അതൊരു സഹായവും ന്ന് കരുതി’.
ഒറ്റ ശ്വാസത്തില്‍ ഹരി ഇത്രയും പറഞ്ഞു നിര്‍ത്തി.

ആ സംസാരവും പെരുമാറ്റവും എല്ലാം എനിക്കിഷ്ടപ്പെട്ടു. പക്ഷേ ആരാണ് ഈ പ്രദീപ്. എന്നും ചായകുടിക്കാന്‍ ഇവിടെ വരാറുണ്ട്. മലയാളികളെ എല്ലാം നന്നായി അറിയാം.. പക്ഷേ മുഖം അങ്ങ് പിടികിട്ടണില്ല്യല്ലോ.

ഒരു ഊഹം വെച്ചു അയാളെ കുറിച്ച് ഹരിയോട് ചോദിച്ചു. ഊഹം തെറ്റിയില്ല. രണ്ടാം നമ്പര്‍ മുറിയില്‍ താമസിക്കുന്ന ആള്‍ തന്നെ. ഇടക്ക് വരുന്നതും പോവുന്നതും കണ്ടിട്ടുണ്ട്. പക്ഷേ പരിചയപെട്ടിട്ടില്ല. അധികം ആരോടും അടുക്കാത്ത പ്രകൃതമായിരുന്നു. അവിടെ നിന്നുള്ള പരിചയമാണ് ഹരിയെ. പിന്നെ ഇങ്ങോട്ടുള്ള മുപ്പതുകൊല്ലത്തോളം ആ ബന്ധം നന്നായി പോവുണു.

അടുത്ത ബില്‍ഡിംഗിലായിരുന്നു എന്റെ താമസം. ജോലി കഴിഞ്ഞു വന്നാല്‍ ഹരിയുമായി സംസാരിച്ചിരിക്കും. രാവിലെ വീട്ടില്‍ നിന്നിറങ്ങി തിരിച്ചു വരുന്നത് വരെ ഉള്ള കാര്യങ്ങള്‍ രസകരമായി പറയും. അവന്റെ സംസാരം കേട്ടിരുന്നാല്‍ സമയം പോവുന്നതേ അറിയില്ല.

‘ഏട്ടാ എവടെ ഈ രാമയ്യ കോളേജ്. അതെന്തു കോളേജാ.
ബസ് കാത്തു നില്‍ക്കുമ്പോള്‍ ഇന്നലെയും ഇന്നും ഒക്കെ പല മുത്തശ്ശിമാരും അമ്മമ്മ മാരും ഒക്കെ ചോദിച്ചു. രാമയ്യ കോളേജ് ന്ന് മാത്രേ മനസ്സിലായുള്ളു. പക്ഷേ വഴിന്നേ ചോദിച്ചിട്ട് ണ്ടാവാ. അറിഞ്ഞിരുന്നെങ്കില്‍ അവിടെ കൊണ്ടോയി ആക്കായിരുന്നു ട്ടോ’ . അവന്റെ നിഷ്‌കളങ്കമായ സംസാരം.
അപ്പോള്‍ ബസ് മിസ്സാവില്ലേ ഹരീ. ഓഫീസില്‍ വൈകി എത്തിയാല്‍ ചീത്ത കേള്‍ക്കില്ലേ?

‘അതൊന്നും സാരല്യ ഏട്ടാ. പാവങ്ങളല്ലേ. വഴി അറിയാണ്ടേ അവര്‍ എങ്ങന്യാ പോവാ. ഞാന്‍ സുരേഷ് സാറിനോട് പറഞ്ഞാല്‍ സാര്‍ ഒന്നും പറയില്ല്യട്ടോ. ഏട്ടന് അറിയോ. സുരേഷ് സാര്‍ മലയാളിയാ’

ചോക്കാസന്ധ്രയില്‍ ഉള്ള ഒരു കമ്പനിയില്‍ ആണ് ഹരി ജോലി ചെയ്തിരുന്നത്. എക്സ് -റേ മെഷീന്‍ ഉണ്ടാക്കുന്ന കമ്പനി ആയിരുന്നു എന്നവന്‍ പറഞ്ഞിട്ടുണ്ട്.
‘ജയേട്ടോ. പ്രദീപ് ബാംഗ്ളൂരില്‍ നിന്ന് പോവ്യാത്രെ’. ഒരു ദിവസം ഓടി കിതച്ചു വന്നാണ് ഹരി ആ കാര്യം പറഞ്ഞത്. ‘ഞാന്‍ ഒറ്റക്കാവും ട്ടോ. മുന്നൂറ് ഉറുപ്പിക വാടക കൊടുക്കാന്‍ നിക്ക് പറ്റണ്ടാവില്യ. ന്താ പ്പൊ ചെയ്യ്യാ’.ഹരിയുടെ ആത്മഗതം.
‘നീ പേടിക്കണ്ട ഹരി. ഒരു വഴി കണ്ടു പിടിക്കാം’. ഞാന്‍ അവനെ സമാധാനിപ്പിച്ചു.

ആയിരം രൂപയോ മറ്റോ ആയിരുന്നു അവന്റെ ശമ്പളം. 150 രൂപ വാടകയ്യും 150 രൂപ ബസ്ചാര്‍ജ്ഉം 200 രൂപ മറ്റുള്ള ചെലവുകള്‍ക്കും അവന്‍ ഉപയോഗിക്കും. മാസം ഇരുന്നൂറോ മുന്നോറോ നാട്ടിലേക്കു അയച്ചു കൊടുക്കും. ബാക്കി വരുന്ന ഇരുന്നൂറ് രൂപ ഒരു ഡയറിയുടെ ഉള്ളില്‍ സൂക്ഷിച്ചുവെക്കും.

ഒരു ദിവസം അവനെ കാണാന്‍ ചെന്നപ്പോള്‍ അവൻ ആ ഡയറി എടുത്തു കാണിച്ചു.

‘ജയേട്ടാ. ഡിങ്ക..ടിക്ക.. ഡിങ്ക.. ടിക്ക’ എന്ന് പറഞ്ഞാണ് കാണിച്ചത്.
എട്ടു പത്തു മാസത്തെ ബാക്കി വന്ന തുക എകദേശം രണ്ടായിരം രൂപ.
നല്ല കുട്ടി. ഇങ്ങനെതന്നെ വേണം. ഞാനും അവനെ ഒന്നുത്സാഹിപ്പിച്ചു.

ഹരി ബാച്ചിലർ ആണെങ്കിലും വലിയ ആഥിത്യ മര്യാദ കാണിക്കും. മുറിയില്‍ ആര് വന്നാലും എന്തെങ്കിലും കഴിപ്പിച്ചേ പറഞ്ഞയക്കൂ. വേണ്ട എന്ന് പറഞ്ഞാലും സമ്മതിക്കില്യ.

ഇവിടെ ഇതിന്റെ ഒന്നും ആവശ്യല്ല ഹരീ എന്ന് സ്‌നേഹപൂര്‍വ്വം ശാസിക്കും. ഇതൊക്കെ അല്ലേ ജയേട്ടാ ഒരു സന്തോഷണ്ടാക്കണ കാര്യം. നിറഞ്ഞ മനസോടെ നിഷ്‌കളങ്കമായ അവന്റെ മറുപടി വരും.
‘ജയേട്ടാ.. ബിയറില്‍ വെള്ളം ഒഴിച്ചിട്ടാണോ കുടിക്യാ..’
ഒരു ദിവസം അവന്റെ സംശയം.. കേട്ടിട്ട് ചിരി അടക്കാന്‍ പണിപ്പെട്ടു
‘നീ ഇപ്പോ ബിയര്‍ കുടിക്കാന്‍ പോവ്വാ ണോ ഹരീ’.
‘അല്ലേ. ന്താച്ചാ മോളിലെ റൂമിലെ സഹദേവന്‍ പറയാണ് ട്ടോ.. അയാള് വെള്ളം ഒഴിക്കണ്ടെ ബിയര്‍ കുടിച്ചിട്ടുണ്ടത്രേ. ആള് ഭയങ്കരനാ അല്ലേ’.

ഞായറാഴ്ചകളില്‍ ഹരിനാരായണന് ചെറിയ മടിയാണ്. വീട്ടില്‍ ഭക്ഷണം വെക്കില്യ. രണ്ടാം ക്രോസ്സിലെ ആന്ധ്ര മെസ്സ് തന്നെയാണ് ലക്ഷ്യം. പക്ഷേ കഴിക്കാന്‍ പോവുന്നത് മൂന്നുമൂന്നരക്കാണ്. എന്തിനാ ഹരി ഇത്ര വൈകി പോയി അനാരോഗ്യം വരുത്തിവെക്കുന്നത് എന്ന് ചോദിച്ചാല്‍ അവന്‍ പറയും.
‘ഏഴ് ഉറുപ്യ കൊടുത്ത് ഫുള്‍ മീല്‍സ് കഴിച്ചാലേ പിന്നെ രാത്രി കഴിക്കണ്ട
അതോണ്ടാ ട്ടോ. അല്ലാണ്ടെ അസുഖംണ്ടാക്കാന്‍ വേണ്ടിട്ട് അല്ലട്ടോ’.

അങ്ങിനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം മോഹന്‍ജിയുടെ ഹോട്ടലില്‍ ഒരു വഴക്ക് നടക്കുന്നത്. ചായക്കട നടത്തി കിട്ടുന്ന ലാഭം കൂട്ടി വെച്ചു മോഹന്‍ജി ഒരു ചെറിയ ഹോട്ടല്‍ നടത്തിയിരുന്നു.

എന്തോ ചെറിയ കാര്യത്തിന് വഴക്ക് തുടങ്ങി സീരിയസ് ആയി. ആരെക്കെയോ ജോലിക്കാരെ അടിക്കുന്നു. മോഹന്‍ജി അറിയുന്ന കന്നഡയില്‍ വഴക്കടിക്കുന്നവരെ ശാന്തരാക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഇതു കണ്ടാണ് ഹരിയുടെ വരവ്.

ബില്‍ഡിങ്ങില്‍ എപ്പോഴും വീരവാദം മുഴക്കുന്ന എല്ലാവരും കാണികളായി ഉണ്ട്. പക്ഷേ സഹായത്തിനു ആരും മുമ്പൊട്ടില്യ.
പെട്ടെന്നാണ് ഹരി ചാടി മോഹന്‍ജിയെ ചവിട്ടിയവന്റെ ചവിട്ട് ഏറ്റു വാങ്ങി നിലത്തു മറിഞ്ഞു വീണത്. പിന്നെ അവര്‍ അവന്റെ നേരെ തിരിഞ്ഞു. ഈ തക്കം നോക്കി മോഹന്‍ജി ഹോട്ടലിന്റെ ഷട്ടര്‍ ഇട്ടു പൂട്ടി.
അരിശം തീരാന്റെ അവര്‍ ഹരിയെ ശരിക്കും പെരുമാറി. തടയാന്‍ ചെന്ന എനിക്കും ആവശ്യത്തിന് കിട്ടി. അന്ന് ഒരു വിധത്തിലാണ് അവനെ കൂട്ടി അവിടെ നിന്ന് രക്ഷപെട്ടത്. അത്യാവശ്യം പരുക്കുകള്‍ ഉണ്ടായിരുന്നു അവന്. ഒരാഴ്ച്ച കഴിഞ്ഞാണ് അവന്‍ ഒന്ന് ശരിയായത്.

‘എന്തിനാ ഹരി നീ വെറുത….’ ഞാൻ ചോദിച്ചു.
‘മോഹന്‍ജി നമ്മുടെ ഓക്കെ ഏട്ടനല്ലേ. എല്ലാരും കൂടി തച്ചാല് ആ പാവം മരിക്കില്ലേ. അല്ല നിക്ക് മനസിലാവാത്തത് ന്താച്ചാ എല്ലാരും നോക്കി നിക്കുന്നുണ്ട് .. ന്നാ ആരും സഹായിക്കണ് ല്യ. ന്താ ഇവരൊക്കെ ഇങ്ങിനെ?.
അവന്റെ മറുചോദ്യം എന്നെകൂടി ഉദ്ദേശിച്ചാണ് എന്ന് എനിക്ക് തോന്നി.
മഹാനഗരങ്ങളില്‍ എല്ലാവരും അങ്ങിനെ തന്നെയാണ് കുട്ടീ. എല്ലാവര്‍ക്കും സ്വന്തം കാര്യം മാത്രം എന്ന് പറയണം എന്ന് വിചാരിച്ചെങ്കിലും ഒന്നും പറഞ്ഞില്ല്യ. കുറ്റബോധം എന്നെയും വേട്ടയാടിയിരിന്നു.

ഹരിയുടെ റൂമില്‍ അജിത് എത്തിയത് ആയിടക്കാണ്. പ്രദീപ് പോയതിനു ശേഷം അവന്‍ ഒറ്റക്കായിരുന്നൂ ലോ. ചുവന്ന കണ്ണുകളും താടിയും ഉള്ള അയാളുടെ മുഖം ചെറുതായി ഓര്‍മയുണ്ട്. കണ്ടപ്പോള്‍ തന്നെ എന്തോ പന്തികേട് തോന്നി. ഹരിയോട് സൂചിപ്പിക്കുകയും ചെയ്തു.

‘ആരാ ഹരി അയാള്. നിനക്ക് അറിയോ അയാളെ . മുന്‍ പരിചയം ഉണ്ടോ.
അറിയാത്ത ആളുകളെ എല്ലാം കൂടെ താമസിപ്പിക്കാന്‍ നിക്കണ്ട’.

‘ന്താ ജയേട്ടാ ങ്ങനെ. അജിത്തിന് ഇവിടെ കുറേ കമ്പനികളില്‍ നല്ല പരിചയം ഉണ്ട് ത്രേ .നിക്ക് ഒരു വലിയ കമ്പനിയില്‍ ജോലി ശരിയാക്കിതരും ന്ന് പറഞ്ഞിട്ട് ണ്ട് ട്ടോ’. ‘അയാളുടെ റൂമില്‍ ന്തക്കോയോ പ്രശ്‌നങ്ങള്‍ ണ്ടത്രേ. കുറച്ചീസം ഒന്ന് മാറിനികാണണത്ര. ഇവടെ ഞാനും ഒറ്റക്കല്ലേ. അങ്ങനെ വിചാരിച്ചിട്ടാ ഞാന്‍.. പിന്നെ വാടകയിനത്തില്‍ ന്തെങ്കിലും കിട്ടിയാല് അതും ആയിലോ’.
‘ ഉം’ പിന്നെ ഞാന്‍ ഒന്നും പറയാന്‍ പോയില്യ.
അജിത് കൂട്ടിനുള്ളത് കൊണ്ടാണ് എന്ന് തോന്നിയിരുന്നു. ഹരിയെ കാണുന്നത് കുറഞ്ഞു വന്നു.

ഒരു ദിവസം ഒരു പത്തു മണിയോട് കൂടി ഹരിവന്നു.
‘ജയേട്ടാ, അജിത്ത് നീം വന്നിട്ടില്യ. എവിടെങ്കിലും പോയി ഒന്ന്  അന്വേഷിച്ചാലൊ. ന്താ ണാവോ ഇത്രയും വൈക്ണത്. ഇതു വരെ ഇത്രേം വൈകീട്ടില്യ’.

‘സാരമില്ല. കുറച്ചു കൂടി നേരം നോക്കാം നീ പൊക്കോള്ളൂ. ഞാന്‍ വരാം’
പത്തര ആയപ്പോള്‍ ഞാന്‍ അവന്റെ മുറിയില്‍ എത്തി.
‘എന്താ ഹരി. വന്നോ’.
‘നീം വന്നിട്ടില്യ. ന്താ പറ്റിത് ആവോ’.
പരിഭ്രമവും സങ്കടവും എല്ലാം ഒന്നിച്ചു അവന്റെ മുഖത്തു കാണാം.

എവിടെ അയാളുടെ സാധനങ്ങള്‍. ഞാന്‍ ചോദിച്ചപ്പോള്‍ ആണ് ഹരിയും അത് ശ്രദ്ധിച്ചത് എന്ന് തോന്നി. ഇവിടെ ണ്ടാര്‍ന്നൂലോ. പ്പോ കാണാന്‍ ഇല്ല്യ. ഒന്നും കാണാന്‍ ഇല്ല്യലോ ഏട്ടാ.
എനിക്ക് സംഭവത്തിന്റെ എകദേശം ഒരു രൂപം പിടികിട്ടി. പക്ഷേ ഹരിയോട് ഒന്നും പറയാന്‍ നിന്നില്ല്യ.

‘ഹരി അയാള്‍ നാട്ടില്‍ എന്തിനെങ്കിലും അത്യാവശ്യമായി പോയിട്ടുണ്ടാവും. രണ്ടു മൂന്നു ദിവസം നോക്കാം. നീ ഉറങ്ങാന്‍ നോക്ക്. നമുക്ക് നാളെ കാണാം’. ഞാന്‍ അവിടെ നിന്നിറങ്ങി.
വാടകയുടെ ഒരു ഭാഗവും കൊടുത്തിട്ടില്ല്യ, ബാഗും ഇല്ല്യ. അയാള്‍ ആ പാവത്തിനെ പറ്റിച്ചു.
ഇത്തരം വാര്‍ത്തകള്‍ മഹാനഗരങ്ങളില്‍ സര്‍വ്വ സാധാരണമാണ്. അത് കൊണ്ടു പ്രത്യകിച്ചു ഒന്നും തോന്നിയില്ല. പക്ഷേ പറ്റിക്കപെട്ടത് ഒരു പാവം നിഷ്‌കളങ്കന്‍ ആയതു കൊണ്ടാണെന്നു തോന്നുന്നു. മനസ്സില്‍ ഒരു നീറ്റല്‍.

അയാള്‍ വരില്ല്യ എന്നുറപ്പായിരുന്നു. പക്ഷേ എന്നും ഹരിയുടെ മുറിയില്‍ പോയി അന്വേഷിക്കുമായിരുന്നു ഹരി അയാള്‍ വന്നോയെന്ന്.
‘വന്നിട്ടില്ല്യ.. ന്താണാവോ പറ്റീത്’.
‘അയാളുടെ വീട് നിലമ്പൂര്‍ ആണെന്നല്ലേ ഹരി നീ പറഞ്ഞത്. അഡ്രസ്സൊ, നമ്പറോ.. അങ്ങിനെ എന്തെങ്കിലും ഉണ്ടോ’. ഒരാഴ്ച കഴിഞ്ഞാണ് അവനോടു ചോദിച്ചത്.
‘ഒന്നും ഇല്ല്യ.. ഒന്നും ചോദിച്ചതും ഇല്ല്യ’..
അവനു പിന്നെയും സങ്കടം.

ഒരു എട്ടു പത്തു ദിവസം കഴിഞ്ഞാണെന്നു തോന്നുന്നു. ഒരു ദിവസം വൈകുന്നേരം അവന്റെ മുറിയില്‍ എത്തിയപ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി ഹരി.

അടുത്ത് ആ ഡയറിയും. തുറന്നു വെച്ച താളുകളില്‍ നീണ്ട വരകള്‍ മാത്രം.
‘ജയേട്ടാ.. ന്റെ പൈസ കാണാന്‍ ഇല്ല്യ. എവിടെ പോയിന്നു അറീണ്‌ല്യ.
എത്ര കഷ്ടപ്പെട്ട് സ്വരുകൂട്ടി വെച്ചതാന്നറിയ്യോ ഇനീപ്പൊ ന്താ ചെയ്യാ ഏട്ടാ..’
അവന്‍ എന്നെ കെട്ടിപിടിച്ചു എങ്ങി ഏങ്ങി കരയുകയായിരുന്നു.
എന്റെ സങ്കടവും അണപ്പൊട്ടി ഒഴുകി.

ഈ പാവത്തിന്റെ ഒരു കൊല്ലത്തെ സമ്പാദ്യം മുഴുവനാണ് ആ ദ്രോഹി അടിച്ചെടുത്തു സ്ഥലം വിട്ടത്.. എത്ര കഷ്ടപെട്ടിട്ടാണ് അത് സൊരുക്കൂട്ടി വെച്ചിരുന്നത് ന്നു എനിക്കറിയാം.
‘സാരല്ല്യ ഹരി. ഞാന്‍ അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു’.
‘ഞാന്‍ ഒരുകാര്യം പറഞ്ഞാല്‍ നീ വിശ്വസിക്ക്വോ’
എന്താണെന്ന ഭാവത്തില്‍ അവന്‍ എന്റെ മുഖത്തേക്ക് നോക്കി.
‘അയാള്‍ .. ആ..അജിത്ത് നിന്നെ പറ്റിച്ചു സ്ഥലം വിട്ടു’.
‘ന്താ ഏട്ടാ ഈ പറേണത്. അജിത്തോ. ന്തിനാ അയാള്‍ ന്നേ പറ്റിക്കുന്നത്.
ഞാന്‍ അയാള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യല്ലേ ണ്ടായതു. ന്നിട്ട് അയാള്‍ ന്നേ പറ്റിക്കേ’.
‘അയാള്‍ വരും. ന്നേ പറ്റിക്കാന്‍ അയാള്‍ക്ക് കഴീല്യ ട്ടോ. ന്താച്ചാ ഞാന്‍ ആരേം വേദനിപ്പിക്കില്ലലോ. സഹായിക്കല്ലാണ്ടെ. അതോണ്ടാ..’
അവന്‍ പിന്നെയും ന്തെക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

നാളെ വരാം എന്നു പറഞ്ഞു ഞാന്‍ അവിടെ നിന്നിറങ്ങി. ഹരി അയാളെ പിന്നെയും ദിവസങ്ങളോളം കാത്തു. വരുമെന്ന പ്രതീക്ഷയോടെ.

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. പത്തിരുപതു കൊല്ലം ഇരുപതു മണിക്കൂറു പോലെ കടന്നുപോയി.

ഹരിനാരായണന്റെ ജീവിതത്തിലും ഒട്ടനവധി മാറ്റങ്ങള്‍ ഉണ്ടായി. ഹരി ഇപ്പോള്‍ ഹോസൂര്‍ റോഡിലുള്ള ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജനറല്‍ മാനേജര്‍ ആയി ജോലി ചെയുന്നു. പണ്ടത്തെത് പോലെ കാണല്‍ എല്ലാം കുറഞ്ഞു. മാസത്തില്‍ ഒരുപ്രാവശ്യമെങ്കിലും വിളിക്കും.

കഴിഞ്ഞ പ്രാവശ്യം വിളിച്ചപ്പോളാണ് ഹരി അത് പറഞ്ഞത്.
‘ജയേട്ടാ… അജിത്തിനെ ഓര്‍മയുണ്ടോ’ അവന്‍ അങ്ങിനെ ചോദിച്ചപ്പോള്‍ പെട്ടെന്ന് ഓര്‍മ വന്നില്ല.

‘മത്തിക്കരയില്‍ ണ്ടാര്‍ന്ന…. ആ അജിത്ത്’.
‘ഉവല്ലോ ഹരി. ഇപ്പ ഓര്‍മ വന്നു’.
‘ഇന്ന് കണ്ടിരുന്നു ഹരിയേട്ടാ’.
‘എങ്ങിനെ… എവിടെ വെച്ച്’.
‘അത് ഹോസൂരിലെ റെക്കിറ്റ് ബെന്‍കൈസറിലെ ജി. എം. ന്റെ കൂട്ടുകാരനാണ് ട്ടോ. ഹൊസൂരില്‍ നിന്ന് മടങ്ങുമ്പോള്‍ അവനെ കാണാന്‍ അവിടെ ഒന്ന് കേറി. അപ്പോള്‍ ണ്ട് സെക്യൂരിറ്റിയായി അജിത്ത്’.
എനിക്ക് വളരെ അതിശയം തോന്നി.
‘ന്നിട്ട്.. ഞാന്‍ ചോദിച്ചു അറിയോന്ന്. അറിയില്ലെന്നവന്‍ പറയ്യാ
പിന്നെ മത്തിക്കര.. ഹരി എന്ന് പറഞ്ഞപ്പോള്‍ മനസ്സിലായി’.
ന്നിട്ട്??.. എനിക്ക് പിന്നെ എന്തുണ്ടായിന്നു അറിയാനുള്ള തിടുക്കമായിരുന്നു.

‘ഞാന്‍ ഉണ്ണിയെ കാണാന്‍ വന്നതാണെന്ന് മനസ്സിലായി. കയ്യ് രണ്ടും പിടിച്ചു ചതിക്കരുത്.. രണ്ട് പെണ്‍കുട്ടികള്‍ ആണ്ന്നു പറഞ്ഞു’.
കണ്ണ് നിറഞ്ഞിരുന്നു

‘നീ എന്ത് പറഞ്ഞു’/.
‘ഒന്നും പറഞ്ഞില്ല ട്ടോ…നിക്കും സങ്കടം വന്നു. സാരല്യന്നു ഞാന്‍ ആശ്വസിപ്പിച്ചു. പാവം. ആകെ ബുദ്ധിമുട്ട് ആണ് ന്നാ തോന്ന്ണ്’.

‘ഉം’. ഞാന്‍ ഒന്നു മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല്യ.
അതാണല്ലോ ഹരിനാരായണന്‍. അന്നും ഇന്നും.
എല്ലാവര്‍ക്കും നന്മകള്‍ മാത്രം ചെയ്തുകൊണ്ട് ഹരിനാരായണന്‍ ഇതു പോലെ മഹാനഗരത്തില്‍ ഇപ്പോഴും ജീവിക്കുന്നു..
ജയേട്ടോ.. ബിയറില്‍ വെള്ളം ഒഴിക്കണോയെന്ന നിഷ്‌കളങ്കമായ അവന്റെ പഴയ ചോദ്യം ഇടയ്ക്കിടക്ക് മനസ്സില്‍ ചിരിമഴയായ് പെയ്തിറങ്ങും ഇപ്പോഴും.

📝

രാജേഷ് വെട്ടംതൊടി

പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശി. വര്‍ഷങ്ങളായി ബെംഗളൂരുവില്‍ താമസം. പ്രമുഖ സയന്റിഫിക്ക് ഇന്‍സ്ട്രുമെന്റേഷന്‍ കമ്പനിയായ ആന്റേലിയ സയന്റിഫിക്കില്‍ സര്‍വീസ് മാനേജരായി പ്രവര്‍ത്തിക്കുന്നു. പാലക്കാട് ഫോറം ബെംഗളൂരുവിന്റെ സെക്രട്ടറിയാണ്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.