തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ കുപ്പിപ്പാൽ തിരുവനന്തപുരം മേഖല യൂനിയന്‍ വിപണിയിലിറക്കി. ‘മില്‍മ കൗ മില്‍ക്ക്’ ഒരു ലിറ്റര്‍ ബോട്ടിലിന് 70 രൂപയാണ് വില. കുപ്പിയിൽ പാൽ വിൽപന നടത്തുന്നതിലൂടെ പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറക്കാനാവുമെന്ന് ഉദ്ഘാടനം നിർവഹിച്ച മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
ഉയർന്ന ഗുണമേന്മയുള്ള ഫുഡ് ട്രേഡ് പ്ലാസ്റ്റിക് ബോട്ടിലാണ് മില്‍മ പാലിന്റെ പാക്കിങ്ങിന് ഉപയോഗിക്കുന്നത്. ശീതീകരിച്ച് സൂക്ഷിച്ചാൽ മൂന്ന് ദിവസം വരെ ബോട്ടിൽ പാല് കേടുകൂടാതെയിരിക്കും. നവീന പാക്കിങ് സംവിധാനം ഉപയോഗിച്ചാണ് മിൽമ കൗ മിൽക്ക് പാക്ക് ചെയ്യുന്നത്. ആവശ്യാനുസരണം സൂക്ഷിച്ച് വെക്കാനും ഉപയോഗിക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും ബോട്ടിലിൽ വിൽപനയ്‌ക്കെത്തുന്ന പാൽ ഉപയോഗിക്കാനാകും.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് വിൽപന. തുടര്‍ന്ന് കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിലേക്ക് വ്യാപിപ്പിക്കും. 20,21 തീയതികളില്‍ ബോട്ടില്‍ പാല്‍ വാങ്ങുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ 10 പേരെ തിരഞ്ഞെടുക്കും. ഒരാള്‍ക്ക് 15,000 രൂപയുടെ സമ്മാനം നല്‍കും. ഇതിനായി ബോട്ടിലില്‍ ബാച്ച് കോഡിന്റെ കൂടെ അഞ്ചക്ക നമ്പര്‍ ഉള്‍പ്പെടുത്തിയിരിക്കും. 22ന് നറുക്കെടുപ്പ് നടത്തി സമ്മാനര്‍ഹരുടെ നമ്പരുകള്‍ 23ന് പത്രമാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും. സമ്മാനങ്ങള്‍ 26ന് മില്‍മ ക്ഷീരഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ ശൃംഖലകള്‍, മില്‍മ നടത്തുന്ന സ്റ്റാളുകള്‍ എന്നിവയില്‍ നിന്ന് 20ന് രണ്ട് ബോട്ടില്‍ പാല്‍ വാങ്ങുന്നവര്‍ക്ക് മില്‍മയുടെ അര ലിറ്റര്‍ പാല്‍ സൗജന്യമായി നല്‍കും.
SUMMARY: 70 per liter; Milma forays into bottle milk distribution