തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതിന് അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ കോണ്‍ഗ്രസ് സസ്‌പെൻഡ് ചെയ്യും. ഇതുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വത്തിന്റെ നിർദേശം വന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞുനിർത്തി പ്രതിഷേധിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഇന്ന് രാവിലെയാണ് ഡിസിസി അംഗമായ ചേന്തി അനിലിന്റെ അറസ്റ്റ് ശ്രീകാര്യം പോലീസ് രേഖപ്പെടുത്തിയത്. ഇയാളെ രാവിലെതന്നെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ശേഷം 11 മണിയോടെ കോടതിയില്‍ ഹാജരാക്കും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവയ്‌ക്കല്‍, അപമര്യാദയായി പെരുമാറല്‍, ഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
ഇന്നലെ ചേന്തിയില്‍ നടക്കാനിരുന്ന ചതയദിന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് വാഹനവ്യൂഹം തടഞ്ഞത്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാൻ പോകുന്നതിനിടെ കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുടെ വാഹനം തടയുകയായിരുന്നു.
SUMMARY: Incident involving the blocking of the Chief Minister: Chenthi Anil suspended
















