ന്യൂഡല്‍ഹി: നാളെ തുടങ്ങുന്ന നിർണായക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസാകുമെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപി. ഭേദഗതി ബില്ലില്‍ വോട്ടുറപ്പിക്കാന്‍ അന്തിമഘട്ട ചര്‍ച്ചകള്‍ക്കായി ബിജെപി എംപിമാരുടെ യോഗം ഇന്ന് ചേരും. ഡിഎംകെയും എന്‍സിപി ശരത് പവാര്‍ പക്ഷവും പിന്തുണച്ചതോടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
ബിജെപി ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ എല്ലാ എംപിമാരും പങ്കെടുക്കും. ബില്ലിലെ വ്യവസ്ഥകളും വോട്ടിങ് നടപടിയും നേതാക്കള്‍ വിശദീകരിക്കും. നാളെ മുതല്‍ സമ്മേളനം അവസാനിക്കുന്നത് വരെ സഭയില്‍ ഹാജരാകാനുള്ള മൂന്ന് വരി വിപ്പും എംപിമാര്‍ക്ക് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി മണ്ഡല പുനര്‍നിര്‍ണയ ഭേദഗതി ബില്‍ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ വീണ്ടും ബില്‍ അവതരിക്കപ്പെടുമ്പോള്‍ പ്രതിപക്ഷ നിരയിലെ പ്രമുഖ കക്ഷികള്‍ തന്നെ ബില്ലിന് അനുകൂലമായി നിലപാടെടുത്തത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യാ മുന്നണി ഇന്നലെ യോഗം ചേർന്ന് ബില്ലിനെ എതിർക്കാൻ തീരുമാനിച്ചെങ്കിലും ഡി എം കെ, എൻസിപി ശരത് പവാർ പക്ഷം, ബിആർഎസ് ഉൾപ്പെടെ ബില്ലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. തിങ്കളാഴ്ച ലോക്‌സഭയിൽ ബില്ലുകൾ പരിഗണനയ്ക്ക് വരാനിരിക്കെയാണ് രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായക ചലനങ്ങൾ ഉണ്ടായത്. ഇതോടൊപ്പം വോട്ട് ചോർച്ചയും ഇന്ത്യാസഖ്യം ഭയക്കുന്നുണ്ട് .
അതേസമയം, ബിൽ അവതരണം ഒരു മാസത്തേക്ക് നീട്ടിവയ്ക്കണമെന്നും ജനഹിത പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് പൗരാവകാശ പ്രവർത്തകർ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജുവിന് നിവേദനവും നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പാർലമെന്റിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് ഈ നീക്കങ്ങൾ വഴിവയ്ക്കുന്നത്.
SUMMARY: Constituency Delimitation Bill; Crucial Parliamentary Session Tomorrow
















