ബെംഗളൂരു: നഗരത്തിലെ വസ്തുനികുതി വരുമാനം വർധിപ്പിക്കാനും നികുതി ചോർച്ച തടയാനുമായി 23.47 ലക്ഷം കെട്ടിടങ്ങളിൽ വീടുതോറുമുള്ള പരിശോധന നടത്താൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഒരുങ്ങുന്നു. നഗരത്തിലെ അഞ്ച് കോർപറേഷൻ പരിധികളിലായാണ് സർവേ നടത്തുക. അടുത്ത വർഷം ആദ്യം ആരംഭിക്കാൻ ലക്ഷ്യമിടുന്ന പരിശോധനയ്ക്കായി പ്രത്യേക സംഘങ്ങളെ നിയോഗിക്കാനും വിവരങ്ങൾ ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്താനും പദ്ധതിയുണ്ട്. ഇതിനായി ഏകദേശം 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
വാടകയ്ക്ക് നൽകിയ കെട്ടിടങ്ങൾ ഉടമകൾ സ്വന്തം താമസത്തിനുള്ളതാണെന്ന് രേഖപ്പെടുത്തി കുറഞ്ഞ നിരക്കിൽ വസ്തുനികുതി അടയ്ക്കുന്നുണ്ടോ എന്നത് പരിശോധിക്കുന്നതാണ് സർവേയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കെട്ടിടങ്ങളുടെ യഥാർഥ ഉപയോഗം, വിസ്തീർണം, നിലവിലെ ഉടമസ്ഥാവകാശ വിവരങ്ങൾ, വാടകയ്ക്ക് നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കും.
നികുതി നിർണയത്തിൽ രേഖപ്പെടുത്തിയ വിവരങ്ങളും സ്ഥലത്തെ യഥാർഥ സാഹചര്യവും തമ്മിലുള്ള വ്യത്യാസങ്ങൾ കണ്ടെത്തി നികുതി രേഖകൾ പുതുക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ജി.ബി.എ.യുടെ വിലയിരുത്തൽ.
സർവേ പൂർത്തിയാകുന്നതോടെ നികുതി അടയ്ക്കാത്തതോ കുറച്ച് അടയ്ക്കുന്നതോ ആയ കെട്ടിടങ്ങൾ കണ്ടെത്തി തുടർനടപടി സ്വീകരിക്കാനാണ് അധികൃതരുടെ ലക്ഷ്യം. ബെംഗളൂരുവിൽ ഏകദേശം 47.86 ലക്ഷം വീടുകൾ ഉണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്. ഇതിൽ വലിയൊരു ഭാഗം നികുതി അടയ്ക്കാതെ തുടരുകയാണ്. നികുതി പാലിക്കൽ കർശനമാക്കുന്നതിനുള്ള നഗരസഭയുടെ ആദ്യ ശ്രമമല്ല ഇത്. മുൻകാലങ്ങളിൽ, ജിബിഎയും ബിബിഎംപിയും വസ്തുനികുതിയില്‍ വരുന്ന കുറവ് കണ്ടെത്താന്‍ ജിഐഎസ് അധിഷ്ഠിത സാങ്കേതികവിദ്യയും പിന്നീട് ഡ്രോൺ സർവേയും ഉപയോഗിച്ചിരുന്നു, എന്നാൽ അത് ഫലം കണ്ടില്ല. ഈ പശ്ചാത്തലത്തിലാണ് വീടുതോറുമുള്ള പരിശോധനക്ക് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഒരുങ്ങുന്നത്.
SUMMARY: Bengaluru to tighten tax scrutiny on rented properties; door-to-door inspections planned across five corporation zones.
















