ബെംഗളൂരു: പാലസ് മൈതാനത്ത് നടന്ന ശ്രീനാരായണഗുരു മഹാഒക്കൂട്ട സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു. കർണാടകയിലെ 26 സമുദായങ്ങളുടെ കൂട്ടായ്മയായി രൂപീകരിച്ച മഹാഒക്കൂട്ടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ സ്വാമി ഋതംഭരാനന്ദയ്ക്ക് ബെംഗളൂരുവിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.
സമ്മേളന വേദിയിലേക്ക് സ്വാമി ഋതംഭരാനന്ദയെ സോളൂർ മഠാധിപതി വിഖ്യാതാനന്ദ സ്വാമി പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മഹാഗുരുപൂജയും നടന്നു.
ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, കെ.പി.സി.സി പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്, എം.എൽ.എ ബേലൂർ ഗോപാലകൃഷ്ണ, ഉമാനാഥ് കോട്ടിയൻ, മുൻ മന്ത്രി ജഗ്ദേവ് ഗുട്ടേദാർ, കോട്ട ശ്രീനിവാസ പൂജാരി, എച്ച്.ആർ. ഗവിയപ്പ, എസ്.എൻ.ഡി.പി യോഗം ബെംഗളൂരു യൂണിയൻ ജനറൽ സെക്രട്ടറി സത്യൻ പുത്തൂർ, പൂജാരി മനോജ് കെ. വിശ്വനാഥൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ശ്രീനാരായണഗുരുവിന്റെ ആശയങ്ങളിൽ വിശ്വാസമുള്ള ആളാണ് താനെന്നും അദ്ദേഹത്തിന്റെ തത്വസിദ്ധാന്തങ്ങൾക്ക് കീഴിൽ പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി ദേശീയ തലത്തിൽ സംഘടിതരാകണമെന്നും ചടങ്ങിൽ സംസാരിച്ച ബി.കെ. ഹരിപ്രസാദ് അഭിപ്രായപ്പെട്ടു. ബെംഗളൂരുവിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും മറ്റു സംഘടനകളുടെയും നേതൃത്വത്തിൽ സ്വീകരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു
















