കൊച്ചി; മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ നല്‍കുന്ന അപകീര്‍ത്തി കേസുകള്‍ പരിഗണിക്കുമ്പോല്‍ വിചാരണക്കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. അപകീര്‍ത്തി കുറ്റം ആരോപിച്ച് ആരംഭിക്കുന്ന അനാവശ്യ നിയമ നടപടിക്രമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ബാധിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ നടപടികള്‍ സ്വീകരിക്കുമ്പോഴും കുറ്റം ആരോപിക്കുമ്പോഴും അങ്ങേയറ്റം ജാഗ്രത പാലിക്കണം. നിയമാനുസൃതമുള്ള അടിസ്ഥാന ഘടകങ്ങള്‍ ബാധിക്കുന്നുവെങ്കില്‍ മാത്രമേ കേസെടുക്കാവൂ. സാങ്കേതിക കാരണങ്ങള്‍ പരിഗണിച്ച് മാത്രം നിയമനടപടികള്‍ സ്വീകരിക്കരുതെന്നുമാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
മലയാള മനോരമ ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍, എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത അപകീര്‍ത്തിക്കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നടപടി. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള പ്രതിബന്ധങ്ങള്‍ ജനാധിപത്യപരമല്ല. ഇത് ആള്‍ക്കൂട്ടത്തിന് കരുത്ത് പകരുന്നതിലേക്കും ജനാധിപത്യ വിരുദ്ധതയിലേക്കും നയിക്കപ്പെടുമെന്നും ഹൈക്കോടതി പറഞ്ഞു. രാജ്യത്തെ സംഭവ വികാസങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും ചില നിയന്ത്രണങ്ങളുണ്ടെങ്കിലും സുപ്രധാനവും നിര്‍ണ്ണായകവുമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ജനാധിപത്യ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാധ്യമ സ്വാതന്ത്ര്യവും അറിയാനുള്ള അവകാശവും ഒരുപോലെ പ്രധാനമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള പ്രതിബന്ധങ്ങള്‍ ജനാധിപത്യപരമല്ല. ഇത് ആള്‍ക്കൂട്ടത്തിന് കരുത്ത് പകരുന്നതിലേക്കും ജനാധിപത്യ വിരുദ്ധതയിലേക്കും നയിക്കപ്പെടും. കൃത്യതയോടെ നല്‍കുന്ന വാര്‍ത്തയെ അപകീര്‍ത്തികരമെന്ന് നിര്‍വ്വചിച്ചാല്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനമാകും. അതിനാല്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമ്പോള്‍ വിചാരണക്കോടതികള്‍ ജാഗ്രത പാലിക്കണം. ഇല്ലെങ്കില്‍ നിയമ നടപടികള്‍ മാധ്യമ സ്വാതന്ത്ര്യത്തെയും പൗരന്റെ അറിയാനുള്ള അവകാശത്തെയും പ്രതീകൂലമായി ബാധിക്കുമെന്നും സിംഗിള്‍ ബെഞ്ച് വിധിന്യായത്തില്‍ വ്യക്തമാക്കി.
<BR>
TAGS : MEDIA FREEDOM | HIGH COURT
SUMMARY : Be careful while considering defamation cases against media. Says High Court