ബെംഗളൂരു: ഗുൽബർഗ വൈദ്യുതി വിതരണ കമ്പനിയുടെ (ജെസ്കോം) റിപയർ യൂണിറ്റിൽ തീപിടുത്തം. ഞായറാഴ്ച രാവിലെയോടെയാണ് ജ്യോതി നഗറിലെ ജെസ്‌കോം ഓഫീസ് കോംപ്ലക്‌സിലുള്ള യൂണിറ്റിൽ തീപിടുത്തമുണ്ടായത്. സംഭവത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 50 ലധികം ട്രാൻസ്‌ഫോർമറുകളും വൈദ്യുതി കേബിളും ഡീസലും പൂർണമായും കത്തിനശിച്ചു. അപകട സമയത്ത് യൂണിറ്റിലുണ്ടായിരുന്ന ആറ് ജീവനക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
കെട്ടിടത്തിന് സമീപത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് പൂർണമായും കത്തി നശിച്ചു. അഗ്നിശമന സേനാംഗങ്ങൾ ഒരു മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്ന് ജെസ്കോം ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ ട്രാൻസ്‌ഫോർമറുകളും പവർ കേബിളും ഡീസലും പൂർണമായും കത്തി നശിച്ചതായി ജെസ്‌കോം എക്‌സിക്യുട്ടീവ് എഞ്ചിനീയർ (ബീദർ ഡിവിഷൻ) രമേഷ് കെ. പാട്ടീൽ പറഞ്ഞു. തീപിടിത്തത്തിൻ്റെ കൃത്യമായ കാരണവും നാശനഷ്ടങ്ങളുടെ കണക്കും ഇനിയും വ്യക്തമല്ല.