ബെംഗളൂരു: തുംഗഭദ്ര അണക്കെട്ടിന്റെ തകർന്ന ഗേറ്റ് മാറ്റിസ്ഥാപിക്കാൻ ഒരാഴ്ചയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. അണക്കെട്ടിൻ്റെ ക്രസ്റ്റ് ഗേറ്റുകളിലൊന്ന് ശനിയാഴ്ച രാത്രിയോടെ തകർന്നിരുന്നു. അണക്കെട്ടിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നത് ഒഴിവാക്കാനാവില്ലെന്ന് ശിവകുമാർ പറഞ്ഞു.
ക്രസ്റ്റ് ഗേറ്റ് ശരിയാക്കാൻ സർക്കാർ വിദഗ്ധരെ നിയമിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി തുംഗഭദ്ര നദിക്ക് കുറുകെയുള്ള പാലങ്ങളിലൂടെ ആളുകളുടെയും വാഹനങ്ങളുടെയും ഗതാഗതം ജില്ലാ അധികൃതർ നിരോധിച്ചു. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘം അണക്കെട്ടിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്തെ കുടിവെള്ള ലഭ്യതയെയും ജലസേചനത്തെയും ബാധിക്കാതിരിക്കാൻ അഞ്ച് ദിവസത്തിനുള്ളിൽ ക്രസ്റ്റ് ഗേറ്റ് ശരിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശിവകുമാർ പറഞ്ഞു.
ക്രെസ്റ്റ് ഗേറ്റിന് പുതിയ ഡിസൈൻ ഇതിനോടകം തിരഞ്ഞെടുത്തിട്ടുണ്ട്. ഇത് മാറ്റിസ്ഥാപിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് 25 ടിഎംസിഎഫ് വെള്ളം പുറത്തേക്ക് തുറന്നുവിടണം. ഇത് സാധ്യമല്ലെങ്കിൽ, 40 ടിഎംസി ജലമെങ്കിലും തുറന്നുവിടും. 60 ടിഎംസി അടി വെള്ളം തുറന്നുവിട്ടാൽ പുതിയ ക്രസ്റ്റ് ഗേറ്റ് സ്ഥാപിക്കുന്ന ജോലി എളുപ്പമാക്കുമെന്നാണ് വിദഗ്ധാഭിപ്രായം.
TAGS: KARNATAKA | TUNGABHADRA
SUMMARY: Fixing TB dam crest gate may take a week, says Shivakumar; Officials working on warfooting