ബെംഗളൂരു: എമ്പുരാൻ റിലീസ് ദിവസം വിദ്യാർഥികൾക്ക് അവധിയും പ്രത്യേക ഷോയും പ്രഖ്യാപിച്ച് ബെംഗളൂരുവിലെ കോളേജ്. ഗുഡ് ഷെപ്പേഡ് ഇൻസ്റ്റിറ്റ്യൂഷൻസാണ് എമ്പുരാൻ റിലീസ് ദിവസമായല്ലോ മാർച്ച് 27-ന് കോളേജിന് അവധി പ്രഖ്യാപിച്ചത്. ഇതേ ദിവസം വിദ്യാർഥികൾക്കും ജീവനക്കാർക്കുമായി എമ്പുരാന്റെ പ്രത്യേക ഷോയും കോളേജ് മാനേജ്മെന്റ് ഒരുക്കിയിട്ടുണ്ട്. മാർച്ച് 27-ന് രാവിലെ ഏഴുമണിക്ക് രാജരാജേശ്വരി നഗർ വൈജിആർ സിഗ്നേച്ചർ മാളിലെ മൂവിടൈം സിനിമാസിലാണ് പ്രത്യേക ഫാൻഷോ ഒരുക്കിയിരിക്കുന്നത്.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ 645കെ ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷൻ വഴി മാത്രം ഇന്ത്യയിൽ വിറ്റഴിഞ്ഞത്. ഇത് ഇന്ത്യൻ സിനിമയിലെ തന്നെ പുതിയ റെക്കോഡ് ആണ്. 24 മണിക്കൂറിൽ ഒരു ഇന്ത്യൻ ചിത്രത്തിന് ഇത്രയധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ വിറ്റ് പോകുന്നത് ഇതാദ്യമായാണ്. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
TAGS: BENGALURU | EMPURAN
SUMMARY: Bengaluru college announce leave, special show for empuran Release