കോട്ടയം: തന്റെ അമ്മയുടെ ജീവനെടുത്ത ആശുപത്രിയില്‍ ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത് അറിയിച്ചുവെന്ന് സിപിഎം നേതാവ് വൈക്കം വിശ്വൻ. നവനീതിന് സ്ഥിരം ജോലി ഉറപ്പാക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്നും വൈക്കം വിശ്വൻ പറഞ്ഞു. കഴിഞ്ഞ ദിവസം നവനീതിന് താല്‍ക്കാലിക ജോലി നല്‍കുമെന്ന് സർക്കാർ പറഞ്ഞിരുന്നു.
പിന്നാലെ മകൻ പഠിച്ചതുമായി ബന്ധപ്പെട്ട ജോലി ലഭിച്ചാല്‍ നന്നായിരിക്കുമെന്ന് ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനും അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മകള്‍ക്കു കൂട്ടിരിപ്പിനെത്തിയ ബിന്ദു ശുചിമുറിയില്‍ പോകുന്നതിനിടെ കെട്ടിടം തകർന്നു വീണാണ് മരിച്ചത്. അതേസമയം, ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് ബിന്ദുവിന്റെ വീട്ടിലെത്തില്ലെന്ന് വീട് സന്ദർശിച്ച സിപിഎം നേതാവ് കെ അനില്‍കുമാർ പറഞ്ഞു.
സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ ബന്ധുക്കളുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. നവമിയെ തുടർചികിത്സയ്ക്കായി തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കും. കുടുംബത്തിന്റെ സൗകര്യം കൂടി പരിഗണിച്ച് തിങ്കളാഴ്ചയ്ക്ക് ശേഷമായിരിക്കും മന്ത്രിയുടെ സന്ദർശനമെന്നും അനില്‍ കുമാർ പറഞ്ഞു. കൂടാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും കുടുംബവുമായി ഫോണില്‍ സംസാരിച്ചു. ബിന്ദുവിന്റെ വീട് നവീകരണം നാഷണല്‍ സർവീസ് സ്കീം വഴി നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് ആർ ബിന്ദു അറിയിച്ചു.
SUMMARY: Bindu’s son Navneet says it’s difficult to work in the hospital where his mother died