ബെംഗളൂരു: ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറുന്നെന്ന അഭ്യൂഹം തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. പിന്നാക്ക വിഭാഗങ്ങളെ കോൺഗ്രസിലേക്കു അടുപ്പിക്കുന്നതിന്റെ ഭാഗമായി എഐസിസി രൂപീകരിച്ച ഒബിസി ഉപദേശകസമിതിയുടെ തലവനായി സിദ്ധരാമയ്യയെ നിയമിച്ചതിനു പിന്നാലെയാണ് പ്രതികരണം.
ദേശീയ തലത്തിൽ യാതൊരു പദവിയും ആവശ്യപ്പെട്ടിട്ടില്ല. ഒബിസി ഉപദേശകസമിതിയിലേക്കു നിയമിച്ചതിനെക്കുറിച്ച് ദേശീയ നേതൃത്വം അറിയിച്ചിരുന്നില്ല. ഇതിനെക്കുറിച്ച് കൃത്യമായി പഠിച്ചതിനു ശേഷം പ്രതികരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
നിയമനത്തിനു പിന്നാലെ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് ദേശീയ രാഷ്ട്രീയത്തിലേക്കു കളം മാറുന്നതായി അഭ്യൂഹം ശക്തമായിരുന്നു. ബിജെപി എംപി ബസവരാജ് ബൊമ്മെയും ഇത്തരത്തിൽ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
അതിനിടെ എഐസിസി ഒബിസി ഉപദേശകസമിതിയുടെ ആദ്യ യോഗം ജൂലൈ 15ന് ബെംഗളൂരുവിൽ നടക്കും. സിദ്ധരാമയ്യയ്ക്കു പുറമെ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള 5 മുൻ മുഖ്യമന്ത്രിമാരും അടൂർ പ്രകാശ് എംപിയും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
SUMMARY: Not moving to national politics, says Karnataka CM Siddaramaiah.