തിരുവനന്തപുരം: കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷ (കീം) ഫലം ഹൈക്കോടതി റദ്ദാക്കി. റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പരീക്ഷയുടെ പ്രോസ്‌പെക്ടസ് പുറത്തിറക്കിയ ശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സിബിഎസ്‌ഇ സിലബസില്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥിനിയാണ് ഹരജി നല്‍കിയത്.
മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യംമൂലം സിബിഎസ്‌ഇ വിദ്യാര്‍ഥികള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന് വിദ്യാര്‍ഥിനി വാദിച്ചു. പരീക്ഷാ പ്രോസ്‌പെക്ടസിലെ നിര്‍ദേശത്തിനു വിരുദ്ധമാണ് പുതിയ സമവാക്യമെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, എന്‍ട്രന്‍സ് പരീക്ഷയ്ക്കും പ്ലസ്ടുവിനും ലഭിച്ച മാര്‍ക്കുകള്‍ ഒരുമിച്ച് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതെന്ന് സര്‍ക്കാര്‍ വാദിച്ചു.
മുന്‍ സമവാക്യപ്രകാരം തയ്യാറാക്കുമ്പോൾ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്‌ഇ വിദ്യാര്‍ഥികളേക്കാള്‍ 15 മുതല്‍ 20 വരെ മാര്‍ക്ക് കുറയുന്നതായി പരാതി ഉണ്ടായിരുന്നു. തുടര്‍ന്നാണ് മാര്‍ക്ക് കുറയാത്തരീതിയില്‍ പുതിയ സമവാക്യം സര്‍ക്കാര്‍ കൊണ്ടുവന്നത്. പ്ലസ്ടുമാര്‍ക്കും പ്രവേശന പരീക്ഷാ മാര്‍ക്കും ചേര്‍ത്ത് 600 മാര്‍ക്കിലാണ് പോയിന്റു നില നിശ്ചയിക്കുക. പുതിയ വ്യവസ്ഥ പ്രോസ്പെക്ടസില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അറിയിച്ചു. പക്ഷേ, ഈ വാദങ്ങള്‍ ഹൈക്കോടതി തള്ളി.
SUMMARY: High Court cancels KEEM results