കൊച്ചി: എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയില്‍. കോഴിക്കോട് സ്വദേശികളായ റിന്‍സിയും സുഹൃത്ത് യാസര്‍ അറാഫത്തുമാണ് പിടിയിലായത്. ഇവരുടെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിലാണ് ഇരുവരും ഇപ്പോഴുള്ളത്. കസ്റ്റഡിയിലെടുത്ത ഇരുവരേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇവരെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് തൃക്കാക്കര പാലക്കുന്നത്തെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയത്. ഇവര്‍ എംഡിഎംഎ വില്‍ക്കാന്‍ വേണ്ടിയാണോ കയ്യില്‍ വെച്ചതെന്ന് അറിയേണ്ടതുണ്ട്. ഇവർക്ക് എവിടെനിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ ക്യാമ്പയിൻ പുരോഗമിക്കുന്നതിനിടെയാണ് ഒരു പ്രമുഖ യൂട്യൂബർ ലഹരി കേസിൽ അറസ്റ്റിലായിരിക്കുന്നത്. ലഹരി വേട്ടയുടെ ഭാഗമായി കേരള പോലീസും എക്‌സൈസ് വകുപ്പും സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ ഡി-ഹണ്ടും കേരളത്തിലുടനീളം പുരോഗമിക്കുന്നുണ്ട്.
SUMMARY: Drug bust in Kochi; YouTuber Rinsi and friend arrested with MDMA