ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് കന്നഡ ടിവി സീരിയൽ നടിയെ കുത്തിപരുക്കേൽപിച്ച ഭർത്താവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ശ്രുതിയെന്ന പേരിൽ സീരിയൽ മേഖലയിൽ അറിയപ്പെടുന്ന മഞ്ജുളയെ(38) ആക്രമിച്ചതിനു ഭർത്താവ് അമരീഷാണ് പിടിയിലായത്.
ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം. കുട്ടികൾ സ്കൂളിൽ പോയ സമയത്ത് വീട്ടിലെത്തിയ അമരീഷ് ഡോർ തുറന്ന മഞ്ജുളയുടെ മുഖത്തേക്ക് കുരുളക് സ്പ്രേ അടിച്ച ശേഷം പല തവണ കുത്തുകയായിരുന്നു. ശേഷം മുടിക്കു കുത്തിപിടിച്ചു തല ചുമരിൽ ഇടിച്ചു. മഞ്ജുളയുടെ നിലവിളി കേട്ടെത്തിയ അയൽക്കാരാണ് അമരീഷിനെ പിടിച്ചു മാറ്റിയത്. പിന്നാലെ ഒളിവിൽ പോയ ഇയാളെ പോലീസ് പിടികൂടി. നെഞ്ചിലും കഴുത്തിലും ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ചികിത്സ തേടിയ മഞ്ജുള ആരോഗ്യനില മെച്ചപ്പെട്ടതോടെ ആശുപത്രി വിട്ടു.
20 വർഷങ്ങൾക്കു മുൻപ് വിവാഹിതരായ ഇരുവർക്കും 2 പെൺമക്കളുണ്ട്. ഓട്ടോ ഡ്രൈവറാണ് അമരീഷ്. വിവാഹം കഴിഞ്ഞ് 5 വർഷം കഴിഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കങ്ങൾ ആരംഭിച്ചു. പണത്തെ ചൊല്ലി വീട്ടിൽ കലഹം പതിവായി. ദീർഘകാലം നീണ്ട വഴക്കിനൊടുവിൽ കഴിഞ്ഞ ഏപ്രിൽ നാലിന് മക്കളുമായി മഞ്ജുള വീടുവിട്ടു. തുടർന്ന് സഹോദരന്റെ വീട്ടിൽ താമസം ആരംഭിച്ചു.
ആക്രമണം നടക്കുന്നതിനു 3 ദിവസങ്ങൾക്കു മുൻപ് മഞ്ജുളയുടെ സഹോദരനെ ഫോണിൽ വിളിച്ച അമരീഷ് പ്രശ്ന പരിഹാരത്തിനു സന്നദ്ധത പ്രകടിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരും വീണ്ടും ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.
SUMMARY: Kannada TV actor stabbed by her husband.