ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ വനത്തിനുള്ളിലെ ഗുഹയിൽ രണ്ടാഴ്ചയോളം ഒറ്റപ്പെട്ട് കഴിഞ്ഞ റഷ്യൻ യുവതിയെയും മക്കളെയും പോലീസ് രക്ഷപ്പെടുത്തി. കുംട്ട താലൂക്കിലെ ഗോകർണയിൽ രാമതിർത്ത മലനിരകളിലെ ഒറ്റപ്പെട്ട ഗുഹയില്‍ നിന്നും, 40 വയസ്സുള്ള നീന കുട്ടിന എന്ന യുവതിയെയും അവരുടെ ആറും നാലും വയസ്സുള്ള രണ്ട് മക്കളെയുമാണ് പോലീസ് കണ്ടെത്തിയത്.
#GokarnaPolice of #uttarakannada found a #Russianwoman #Nina_Kutina and her daughters aged #6and4years living in a #cave in a forest, Her #Visa had expired way back in 2017 and was #overstaying. She has been referred to #FRROfor deportation.#pramod #gokarna pic.twitter.com/XsF2U8CxqB
— Pramod (@pramodankolaVK) July 12, 2025
ബുധനാഴ്ച വൈകീട്ട് ഗോകർണ പോലീസ് രാമതീർഥ മലയിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് യാദൃശ്ചികമായി യുവതിയെയും കുട്ടികളെയും കണ്ടെത്തുന്നത്. ഇവിടെയെത്തുന്ന യാത്രികർക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് പോലീസ് പട്രോളിങ് നടത്തിയത്. ഇതിനിടെ ഒരു ഗുഹയിൽ നിന്ന് ചലനം കണ്ടാണ് പോലീസ് അവിടേക്ക് ശ്രദ്ധ തിരിച്ചത്. മലയിടിച്ചിലുണ്ടാകാൻ സാധ്യതയുള്ള അപകടമേഖലയിലെ ഗുഹയിലാണ് ഇവരെ കണ്ടെത്തുന്നത്. തീർഥാടന മേഖലയായ ഇവിടെ ധ്യാനത്തിലിരിക്കുകയായിരുന്നു താനും മക്കളും എന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
ബിസിനസ് വിസയിൽ റഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിയതാണ് കുട്ടിനയും മക്കളും. ഹിന്ദു മതത്തിലും ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളിലും ആകൃഷ്ടയായാണ് ഗോവ വഴി ഇവർ ഗോകർണയിലെത്തിയത്. ഉൾഗ്രാമമായ രാമതീർഥ മലയിലെ അപകടകരമായ ഗുഹയിൽ താമസിച്ച് ‘പൂജ’യിലും ധ്യാനത്തിലും മുഴുകുകയായിരുന്നു അവർ. ഗുഹയ്ക്കുള്ളിൽ ഒരു രുദ്ര വിഗ്രഹവും സൂക്ഷിച്ചിരുന്നു. നിബിഡ വനങ്ങളും കുത്തനെയുള്ള ചരിവുകളും നിറഞ്ഞ പ്രദേശത്താണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. കൂടാതെ വിഷപാമ്പുകളും വന്യജീവികളും വനത്തിലുണ്ട്.
നീന കുട്ടിനയുടെ വിസ 2017-ൽ കാലാവധി കഴിഞ്ഞിരുന്നു. എത്ര കാലമായി ഇന്ത്യയിൽ താമസിച്ചുവരുന്നുവെന്ന് വ്യക്തമല്ല. നിലവില്‍ ഇവരെ കർവാറിലുള്ള കർണാടക വനിതാ-ശിശു വികസന വകുപ്പിന്റെ വിമൻസ് റിസപ്ഷൻ സെന്ററിൽ പാർപ്പിച്ചിരിക്കുകയാണ്. ഉടന്‍ തന്നെ ബെംഗളൂരുവിലേക്ക് മാറ്റാനും തിരിച്ചയക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും പോലീസ് വൃത്തങ്ങൾ പറഞ്ഞു.
SUMMARY: Russian woman and her children rescued after being trapped in a cave in Karnataka