ബെംഗളൂരു: നഗരത്തിൽ പരസ്യ ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിനു ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കും. ഇതുസംബന്ധിച്ച് ബിബിഎംപി ചട്ടങ്ങളിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കി. 2018ൽ ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിനു ഏർപ്പെടുത്തിയ വിലക്കാണ് നീക്കുന്നത്.
ഇതു പ്രകാരം ഓരോ പ്രദേശത്തെയും ഭൂമിയുടെ വിലയ്ക്കനുസരിച്ചാകും ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിനു പണം ഈടാക്കുക. എന്നാൽ വിധാൻ സൗധ പരിസരത്ത് ഹോർട്ടിങ്ങുകൾ സ്ഥാപിക്കാൻ പാടില്ല. പ്രതിവർഷം 500 കോടി രൂപയുടെ വരുമാനമാണ് ഇതിലൂടെ ബിബിഎംപി ലക്ഷ്യമിടുന്നത്. സർക്കാർ, സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമികളിൽ ഇവ സ്ഥാപിക്കാം. മെട്രോ തൂണുകളിലും ഇവ പ്രദർശിപ്പിക്കാം. മരങ്ങൾ, തെരുവ് വിളക്കുകൾ, വൈദ്യുത പോസ്റ്റുകൾ, നടപ്പാതകൾ, ട്രാഫിക് സിഗ്നലുകൾ എന്നിവിടങ്ങളിൽ ഹോർഡിങ്ങുകൾ സ്ഥാപിക്കാൻ പാടില്ല.
എന്നാൽ നഗര സൗന്ദര്യത്തെ നടപടി പ്രതികൂലമായി ബാധിക്കുമെന്ന വിമർശനം ഉയരുന്നുണ്ട്.
SUMMARY: BBMP decided to lift ban on advertising hoardings