ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിൽ നൂറോളം യുവതികളെ രഹസ്യമായി കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) തലവനായ ഡിജിപി പ്രണബ് മൊഹന്തി ബെൽത്തങ്ങാടിയിലെത്തി. ഇന്ന് വൈകുന്നേരത്തോടെ ബെൽത്തങ്ങാടിയിലെത്തിയ ഡിജിപി എസ്ഐടിയുടെ പുതുതായി സജ്ജീകരിച്ച ഓഫിസ് സന്ദർശിച്ചു.
നേരത്തേ ഐജി എം.എൻ. അനുഛേദിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ബെൽത്തങ്ങാടിയിലെത്തി അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയെ 5 മണിക്കൂറോളം സംഘം ചോദ്യം ചെയ്തിരുന്നു.
ദക്ഷിണ കന്നഡയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന വ്യക്തി രഹസ്യമായി മൃതദേഹങ്ങൾ സംസ്കരിക്കാൻ കൂട്ടുനിന്നെന്നു വെളിപ്പെടുത്തി കർണാടക പോലീസിനു കത്തയക്കുകയായിരുന്നു. ലൈംഗികാതിക്രമത്തിനു ഇരയായ യുവതികളുടെ മൃതദേഹങ്ങളായിരുന്നു ഇതിൽ ഭൂരിഭാഗവും. സ്കൂൾ കുട്ടികളും ഉൾപ്പെട്ടിരുന്നതായും കത്തിൽ പറയുന്നു.
വെളിപ്പെടുത്തലിനു പിന്നാലെ ബൽത്തങ്ങാടി മജിസ്ട്രേട്ട് കോടതിയിലെത്തി മൊഴി നൽകിയ ഇയാൾ കുഴിച്ചിട്ടതെന്ന് അവകാശപ്പെടുന്ന മൃതദേഹത്തിന്റെ അസ്ഥിയും സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദ അന്വേഷണത്തിനു പ്രത്യേക സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചത്.
SUMMARY: Dharmasthala burial case: SIT chief visit Belthangady.