ബെംഗളൂരു: നഗരത്തിൽ തെരുവ് നായ ആക്രമണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ എല്ലാ വാർഡുകളിലും നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങാൻ ബിബിഎംപിയോടു ലോകായുക്ത ഉത്തരവിട്ടു. കൊടിഗേഹള്ളിയിൽ തെരുവ് നായ ആക്രമണത്തിൽ 68 വയസ്സുകാരനായ സീതപ്പ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് ഉത്തരവ്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച ലോകായുക്ത എസ്പി കൊന വാംശികൃഷ്ണ കർണാടക ലോകായുക്ത ജസ്റ്റിസ് ബി.എസ്. പാട്ടീലിനു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആക്രമണകാരികളായ നായകളെ നിരീക്ഷിക്കുന്നതിൽ ബിബിഎംപി വീഴ്ച വരുത്തിയതായി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
യെലഹങ്കയിൽ തെരുവ് നായകൾക്കുള്ള നിരീക്ഷണ കേന്ദ്രത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണെന്ന് ബിബിഎംപി ലോകായുക്തയെ അറിയിച്ചിരുന്നു. എന്നാൽ ഇതു പര്യാപ്തമല്ലെന്നും എല്ലാ വാർഡിലും ഓരോ കേന്ദ്രങ്ങൾ വീതം സ്ഥാപിക്കണമെന്നും ലോകായുക്ത നിർദേശിക്കുകയായിരുന്നു.
SUMMARY: Lokayukta orders BBMP to set up observation centres in all wards.