ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ 1.5 കിലോമീറ്റർ ദൂരത്തിൽ തുരങ്ക റോഡ് നിർമിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. നിർദിഷ്ട ഹെബ്ബാൾ-സിൽക്ക്ബോർഡ് 16.75 കിലോമീറ്റർ തുരങ്ക റോഡ് പദ്ധതിക്കു പുറമെയാണിത്.
ഹെബ്ബാൾ ജംക്ഷനെ നാഗവാര, എസ്റ്റീം മാൾ, കാർഷിക സർവകലാശാല എന്നിവിടങ്ങളുമായി ബന്ധിപ്പിച്ചാകും തുരങ്ക റോഡ് നിർമിക്കുക. ബെംഗളൂരു വികസന അതോറിറ്റിക്കാകും (ബിഡിഎ) നിർമാണ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.
ഹെബ്ബാൾ ജംക്ഷൻ മേൽപാലത്തിലെ നാഗവാരയിലേക്കുള്ള ലൂപ്പിന്റെ നിർമാണം പരിശോധിക്കാൻ എത്തിയതായിരുന്നു ശിവകുമാർ. ഓഗസ്റ്റ് 15നു മുന്നോടിയായി ലൂപ്പ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. വിമാനത്താവളത്തിലേക്കുള്ള സർവീസ് റോഡുമായി ബന്ധിപ്പിക്കുന്ന മറ്റൊരു ലൂപ്പും ഉടൻ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: DK Shivakumar announces 1.5 km underground road at Hebbal to ease congestion.