ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്സ് ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ചതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വേതനം സംബന്ധിച്ച് കളിക്കാരുമായും ക്ലബ് ഉടൻ ചർച്ച നടത്തും.
കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫുട്ബോൾ ഫെഡറേഷനും ഐഎസ്എൽ സംഘാടകരുമായുള്ള തർക്കമാണ് ലീഗിനെ പ്രതിസന്ധിയിലാക്കിയത്. ടൂർണമെന്റ് നടന്നേക്കില്ലെന്ന അഭ്യൂഹം ശക്തമായതോടെ ക്ലബുകളുടെ പ്രവർത്തനവും മന്ദഗതിയിലാണ്. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ ടീമുകൾ മാത്രമാണ് വിദേശകളിക്കാരെ ടീമിലെത്തച്ചത്.
ബെംഗളൂരു എഫ്സി കളിക്കാരുടെയും പരിശീലക സംഘത്തിന്റെയും ശമ്പളം നിർത്തിവച്ചതായി പ്രഖ്യാപിച്ചു. ഒഡിഷ എഫ്സി കളിക്കാരുമായുള്ള കരാറുകൾ താൽക്കാലികമായി റദ്ദാക്കി. ചെന്നൈയിൻ എഫ്സി ഫുട്ബോൾ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു.
അതിനിടെ പ്രതിസന്ധി പരിഹരിക്കാൻ 8 ഐഎസ്എൽ ക്ലബുകളും ഫെഡറേഷനും തമ്മിലുള്ള ചർച്ച നാളെ നടക്കും. ക്ലബുകൾ ഫെഡറേഷനു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചർച്ച നടക്കുന്നത്.
SUMMARY: Kerala Blasters staring at a salary crisis amid ISL uncertainty.