ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ റാണി ചെന്നമ്മ, ക്രാന്തിവീര സങ്കോളി രായണ്ണ എന്നിവർക്കുള്ള ആദരവായാണ് മേള സംഘടിപ്പിച്ചതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഓറഞ്ച് ജമന്തി, വെള്ള റോസ എന്നീ പൂക്കൾ കൊണ്ട് നിർമിച്ച കിട്ടൂർ കോട്ടയുടെ കൂറ്റൻ മാതൃകയാണ് മേളയുടെ പ്രധാന ആകർഷണം. 105 വ്യത്യസ്ത ഇനത്തിൽ പെട്ട 36 ലക്ഷത്തോളം പൂക്കൾ മേളയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ 20 ശതമാനം പൂക്കൾ വിദേശത്തു നിന്നു ഇറക്കുമതി ചെയ്തതാണ്.
മുതിർന്നവർക്കു വാരാന്ത്യങ്ങളിൽ 100 രൂപയും മറ്റു ദിവസങ്ങളിൽ 80 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിനു മുകളിലുള്ള കുട്ടികൾ 30 രൂപയും നൽകണം. അവധി ദിവസങ്ങളിലൊഴികെ യൂണിഫോമിലെത്തുന്ന സ്കൂൾ വിദ്യാർഥികൾക്കു പ്രവേശനം സൗജന്യം.
രാവിലെ 9 മുതൽ രാത്രി 6 വരെയാണ് പ്രവേശന സമയം. മേള ഓഗസ്റ്റ് 18ന് സമാപിക്കും.
SUMMARY: Lalbagh’s 12-Day Flower Show Begins.