കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽപോയ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളങ്ങളിലേക്കാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്നലെയാണ് ലുക്ക്ഔട്ട് സർക്കുലർ കൈമാറിയത്.
പുലിപ്പല്ലുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസിൽ നേരത്തെ വേടന്റെ പാസ്പോർട്ട് കോടതിയിൽ സറണ്ടർ ചെയ്തിരുന്നു. പിന്നീട് അത് ഉപാധികളോടെ വിട്ടുനൽകിയിരുന്നു. വേടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് അന്വേഷണ സംഘത്തിന്റെ പുതിയ നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല.
ബലാത്സംഗ പരാതിയുമായി യുവതി രംഗത്തെത്തിയതിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനുശേഷം വേടൻ എവിടെ എന്ന് ആർക്കും അറിയില്ല. നിരവധി സംഗീത ഷോകൾ റദ്ദാക്കിയിട്ടുണ്ട്. ഹൈക്കോടതി വേടന്റെ അറസ്റ്റ് തടയാത്ത സാഹചര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. വേടന്റെ മുൻകൂർ ജാമ്യം 18-ാം തീയതിയാണ് ഇനി ഹൈക്കോടതി പരിഗണനയിൽ വരുന്നത്. ഇതിന് മുമ്പ് വേടനെ പിടികൂടുക എന്നതാണ് പോലീസിന്റെ ഉദ്ദേശ്യം.
SUMMARY: Lookout circular issued for rapper in rape case
SUMMARY: Lookout circular issued for rapper in rape case