കൊച്ചി: ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നിർമാതാവ് സജി നന്ത്യാട്ട് രാജിവെച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജി.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് വിവാദങ്ങളിൽ സാന്ദ്ര തോമസിനെ പിന്തുണച്ചിരുന്ന ആളാണ് സജി നന്ത്യാട്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയാൻ ചിലർ തനിക്കെതിരെ വ്യാജ പരാതി നൽകിയെന്നും സംഘടനയിൽ ഒരു വിഭാഗം തനിക്കെതിരെ പ്രവർത്തിക്കുന്നുണ്ട് എന്നും സജി നന്ത്യാട്ട് ആരോപിച്ചു.
നിർമാതാക്കളുടെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നൽകിയ പത്രിക തള്ളിയിരുന്നു. ട്രഷറർ, പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര പത്രിക സമർപ്പിച്ചിരുന്നത്. ഇത് രണ്ടുമാണ് തള്ളിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ നിർമിക്കണമെന്ന് മാനദണ്ഡം ഉണ്ടായിരുന്നു. തുടർന്ന് സാന്ദ്ര കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയില്‍ സാന്ദ്ര നല്‍കിയ ഹര്‍ജിയില്‍ കോടതി നാളെ വിധി പറയാനിരിക്കുകയാണ്.
SUMMARY: Producer Saji Nanthiyat resigns from the post of General Secretary of the Film Chamber