ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു, അമാനുള്ള ദമ്പതിമാരുടെ മകനായ മുബാറക് ആണ് മരിച്ചത്. അപകടത്തില്‍ മുബാറക്കിന്റെ സഹോദരിയും അമ്മയും ഉൾപ്പെടെ 10 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ സഹോദരിയുടെ നില ഗുരുതരമാണ്. അപകട സമയം വീട്ടമ്മയും കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവ് ജോലിക്ക് പോയതായിരുന്നു. കസ്തൂരമ്മ എന്ന സ്ത്രീയുടെ വീട്ടിലാണ് സ്ഫോടനം. 10 വീടുകൾ തകർന്നിട്ടുണ്ട്. വലിയ സ്ഫോടന ശബ്ദം കേട്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. വെള്ളിയാഴ്ച രാവിലെ 8.10 ഓടെയായിരുന്നു പൊട്ടിത്തെറി.
പരുക്കേറ്റവരെ സഞ്ജയ് ഗാന്ധി, വിക്ടോറിയ ആശുപത്രി, വിൽസൺ ഗാർഡനിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു
സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ചികിത്സയിൽ കഴിയുന്നവരുടെ ചെലവ് സർക്കാർ വഹിക്കുമെന്ന് അപകടം സ്ഥലം സന്ദർശിച്ച ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. മുബാറക്കിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം അദ്ദേഹം പ്രഖ്യാപിച്ചു. ചിക്പേട്ട് നിയമസഭാ മണ്ഡലം എംഎൽഎ ഉദയ് ഗരുഡാച്ചർ സംഭവസ്ഥലം സന്ദര്‍ശിച്ചു.
ബോംബ് സ്‌ക്വാഡ്, അഗ്നി രക്ഷാ സേന, എസ് ആർ ഡി എഫ്, ഫോറൻസിക് സംഘം തുടങ്ങിയവർ അപകടസ്ഥലത്തെത്തി. ആരും സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി തിരച്ചിലും നടത്തി. സിലിണ്ടർ ഗ്യാസ് ചോർച്ചയാണ് സ്ഫോടനത്തിന് കാരണമെന്ന് നിഗമനം.
SUMMARY: Ten-year-old dies after gas cylinder explodes in Bengaluru; 10 people injured