കോഴിക്കോട്: ജില്ലയില്‍ അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും സ്ഥിരീകരിച്ചു. പന്തീരങ്കാവ് സ്വദേശിനിക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഇതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം കൂടി ഉയർന്നിരിക്കുകയാണ്. ഇപ്പോള്‍ ജില്ലയില്‍ ആറ് പേർക്ക് ചികിത്സ തുടരുകയാണ്.
കോഴിക്കോടിന് പുറമെ, മലപ്പുറം, വയനാട് ജില്ലകളിലും അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം പതിന്നാലോളം പേർ ചികിത്സയിലാണ്. ഇതില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
സംസ്ഥാനത്ത് പല ജില്ലകളിലും അമീബിക് മസ്തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. പൊതുജനങ്ങളില്‍ ആശങ്ക വർധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രതാ നിർദ്ദേശങ്ങള്‍ നല്‍കുന്നത്.
SUMMARY: One more person confirmed with amoebic encephalitis in Kozhikode