ബെംഗളൂരു: സർക്കാർ റസിഡൻഷ്യൽ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആൺകുഞ്ഞിന് ജന്മം നൽകി. കര്‍ണാടകയിലെ യാദ്ഗിർ ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത 17 കാരിയാണ് സ്കൂളിലെ ശുചിമുറിയില്‍ പ്രസവിച്ചത്. നിലവിൽ അമ്മയും കുഞ്ഞും ഷഹാപൂർ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നതെങ്കിലും വ്യാഴാഴ്ചയാണ് പുറത്തറിഞ്ഞത്.
സംഭവത്തില്‍ കർണാടക സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. വാർഡൻ ഉൾപ്പെടെയുള്ള റസിഡൻഷ്യൽ സ്കൂൾ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ശശിധർ കൊസാംബെ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കർണാടക റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപന സൊസൈറ്റിയോട് (കെആർഇഐഎസ്) ശുപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു..
അതേസമയം, ഗർഭധാരണത്തിന്റെ ലക്ഷണങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്നും ജൂണിൽ സ്കൂൾ ആരംഭിച്ചതിനുശേഷം പെൺകുട്ടി ദിവസങ്ങളോളം സ്കൂളിൽ ഇല്ലായിരുന്നുവെന്നും സ്കൂൾ പ്രിൻസിപ്പൽ ബസമ്മ പറഞ്ഞു. കഴിഞ്ഞ മാസമാണ് ഞാൻ പ്രിൻസിപ്പലായി ചുമതലയേറ്റത്. പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അവൾക്ക് 17 വയസ്സും 8 മാസവും പ്രായമുണ്ടെന്ന് കാണിക്കുന്നു. ഓഗസ്റ്റ് 5 മുതലാണ് അവൾ ക്ലാസ്സിൽ വരാന്‍ തുടങ്ങിയത്, തലവേദനയും മറ്റ് അസുഖങ്ങളും കാരണം ദിവസങ്ങളോളം അവൾ ഹാജരായിരുന്നില്ല. സംഭവത്തിന് ശേഷം പലതവണ അവളുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടിട്ടും സംസാരിക്കാൻ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു.
SUMMARY: Class 9 student gives birth to baby in school toilet; Incident in Yadgir, Karnataka