കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി. ദുബൈയില്‍ പോകാൻ സൗബിന് യാത്രാ അനുമതിയില്ല. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി. അവാര്‍ഡ് നൈറ്റ്‌സില്‍ പങ്കെടുക്കാന്‍ ദുബായില്‍ പോകേണ്ടതുണ്ടെന്നും അനുമതി വേണമെന്നും ആവശ്യപ്പെട്ട് സൗബിന്‍ നേരത്തേ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ കടുത്ത ജാമ്യ വ്യവസ്ഥയുള്ളത് കണക്കിലെടുത്ത് കോടതി അനുമതി നിഷേധിക്കുകയായിരുന്നു. സെപ്തംബർ അഞ്ചിന് യുഎഇയില്‍ നടക്കുന്ന അവാർഡ് ഷോയില്‍ പങ്കെടുക്കുന്നതിനായാണ് മജിസ്‌ട്രേറ്റ് കോടതി വിധി ചോദ്യം ചെയ്ത് സൗഹിൻ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേസിന്റെ ഗൗരവവും, ജാമ്യവ്യവസ്ഥകളും ഹൈക്കോടതിയും പരിഗണിച്ച് സ്റ്റേ നല്‍കാൻ വിസമ്മതിച്ചു.
മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിർമാണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലാണ് സൗബിൻ ഇപ്പോഴുള്ളത്. ലാഭത്തിന്റെ 40 ശതമാനം വാഗ്ദാനം ചെയ്ത് 7 കോടി രൂപ തന്നോട് വാങ്ങിയെന്ന് കാണിച്ച് അരൂര്‍ സ്വദേശി സിറാജ് നല്‍കിയ പരാതിയാണ് കേസിലെത്തിയത്. സംഭവത്തില്‍ സൗബിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
SUMMARY: Actor Soubin Shahir denied permission to travel abroad again