മുംബൈ: ചാവേറുകളും ആര്‍ഡിഎക്‌സും ഉപയോഗിച്ച് മുംബൈയില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം അയച്ച കേസില്‍ ജോല്‍സ്യനെ പോലിസ് അറസ്റ്റ് ചെയ്തു. ജ്യോത്സ്യനായ ഇയാള്‍ കഴിഞ്ഞ അഞ്ചുവർഷമായി നോയിഡയിലാണ് താമസിക്കുന്നത്. പ്രതിയെ നോയിഡയിലെത്തിയാണ് പോലീസ് പിടികൂടിയത്. തുടർന്ന് മുംബൈ പോലീസിന് കൈമാറി.
കഴിഞ്ഞ ദിവസമായിരുന്നു മുംബൈ പോലീസ് ഹെല്‍പ്പ് ലൈനിലേക്ക് ഭീഷണി സന്ദേശമെത്തിയത്. 34 ചാവേറുകള്‍ മനുഷ‍്യ ബോംബുകളുമായി തയാറാണെന്നും ഒരു കോടി ജനങ്ങളെ കൊല്ലുമെന്നുമായിരുന്നു ഭീഷണി. 14 പാക്കിസ്ഥാനി ഭീകരർ ഇന്ത‍്യയിലേക്ക് കടന്നതായും മനുഷ‍്യബോംബുകള്‍ അടങ്ങിയ 34 കാറുകള്‍ ഉപയോഗിച്ച് 400 കിലോഗ്രാം ആർഡിഎക്സ് സ്ഫോടനം നടത്തുമെന്നും ഒരു കോടി ജനങ്ങളെ കൊല്ലുമെന്നും ഇയാള്‍ പറഞ്ഞിരുന്നു.
ലഷ്കർ-ഇ-ജിഹാദി എന്ന ഭീകരവാദ സംഘടനയില്‍ അംഗമാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു പ്രതി ഭീഷണി മുഴക്കിയത്. ഭീഷണി സന്ദേശം അയക്കാൻ പ്രതി ഉപയോഗിച്ച മൊബൈല്‍ ഫോണും സിമ്മും മുംബൈ ക്രൈം ബ്രാഞ്ച് കണ്ടെടുത്തിട്ടുണ്ട്. ഫിറോസ് എന്ന സുഹൃത്തിനെ കുടുക്കാനാണ് താൻ ഭീഷണി സന്ദേശം അയച്ചതെന്ന് ഇയാള്‍ മൊഴി നല്‍കി.
ഇതേത്തുടര്‍ന്ന് മുംബൈയിലുടനീളം കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. മുംബൈയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ ഭീഷണി വന്നത്.
SUMMARY: Man arrested for making suicide threat in Mumbai