മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (51) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.
ഇന്നലെ രാത്രിയാണ് ഷാജിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കരള്‍ സംബന്ധമായ രോഗമുണ്ടായിരുന്നതിനാല്‍ ആദ്യം മുതല്‍ ഷാജി മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. നിലവില്‍ 11 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 10 പേർ മെഡിക്കല്‍ കോളേജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.
ഓഗസ്റ്റ് 11നാണ് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി രോഗം ബാധിച്ച് മരിച്ചത്. പിന്നാലെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും ജീവനും നഷ്ടമായി. മറ്റു രോഗികളുടെതു പോലെ ഷാജിയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനും ആരോഗ്യവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല.
SUMMARY: Amoebic encephalitis; Another death in the state