ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിച്ചത്. നേതാക്കൾ ഇത് കയ്യടിച്ച് പാസാക്കുകയായിരുന്നു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് 2023 ഡിസംബറിൽ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ്.
പാർട്ടിയിൽ തിരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ പരാജയം പാർട്ടിക്കേറ്റ മുറിവാണ്.പാർട്ടി വോട്ട് ചോർന്നോയെന്ന് പരിശോധിക്കണം. ലോക്കപ്പ് മർദനത്തെ എതിർക്കുന്ന ശക്തമായ നിലപാട് സിപിഐ സ്വീകരിക്കും. വേദിയിലിരിക്കാൻ യോഗ്യത ഇല്ലാത്തതുകൊണ്ടാണ് കെ.ഇ ഇസ്മയിലിനെ വിളിക്കാതിരുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
സെപ്റ്റംബർ എട്ടിനാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കമായത്. ഇന്ന് വൈകിട്ട് ആലപ്പുഴ ബീച്ചിൽ തയ്യാറാക്കിയിരിക്കുന്ന അതുൽ കുമാർ അഞ്ജാൻ നഗറിലാണ് പൊതുസമ്മേളനം. വോളിണ്ടിയർ പരേഡിന് പിന്നാലെ നടക്കുന്ന പൊതുസമ്മേളനം സിപിഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.
SUMMARY: Binoy Vishwam will continue as CPI state secretary.