ബെംഗളൂരു: വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മംഗളൂരു – ബെംഗളൂരു റെയില്‍പാതയില്‍ ഷിരിബാഗിലു വരെയുള്ള ഭാഗം പൂര്‍ത്തിയായി. മംഗളൂരുവിനും സുബ്രഹ്‌മണ്യ റോഡിനും ഇടയിലുള്ള ഇലക്ട്രിക് ലോക്കല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് തിങ്കളാഴ്ച മുതല്‍ സര്‍വീസ് ആരംഭിച്ചു.
യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഭാഗികമായി പൂര്‍ത്തിയായത്. മംഗളൂരു – സുബ്രഹ്‌മണ്യ റോഡ് പാതയില്‍ അടുത്തിടെ ആരംഭിച്ച പാസഞ്ചര്‍ ട്രെയിനിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇലക്ട്രിക് ലോക്കോമോട്ടീവുകളിലേക്ക് സര്‍വീസ് മാറ്റിയതോടെ യാത്രയ്ക്ക് കൂടുതല്‍ സ്വീകരണം ലഭിക്കുന്നുണ്ട്.
56625/26, 56627/28, 56629/30 എന്നീ പാസഞ്ചര്‍ ട്രെയിനുകൾ മംഗളൂരു സെൻട്രലിനും സുബ്രഹ്മണ്യ റോഡിനും (എസ്‌ബിഎച്ച്‌ആര്‍) ഇടയിൽ ദിവസവും മൂന്ന് റൗണ്ട് ട്രിപ്പുകൾ നടത്തുന്നുണ്ടെങ്കിലും ഉച്ചകഴിഞ്ഞ് സുബ്രഹ്മണ്യയിലേക്ക് ഒരു ട്രിപ്പ് മാത്രമേ നടത്തിയിരുന്നുള്ളൂ. രാവിലെയും വൈകുന്നേരവും കബക പുത്തൂർ വരെയായിരുന്നു സര്‍വീസ്. പിന്നീട് രാവിലെയും വൈകുന്നേരവുമുള്ള സർവീസുകൾ സുബ്രഹ്‌മണ്യവരെ നീട്ടുകയായിരുന്നു. സര്‍വീസുകള്‍ നീട്ടിയതോടെ ഈ ഭാഗങ്ങളിലെ ഓഫീസ് ജീവനക്കാരും വിദ്യാർത്ഥികളും പതിവ് യാത്രക്കാരായി. പരമ്പരാഗത റേക്ക് മാറ്റി മെമു ട്രെയിന്‍ അനുവദിക്കണമെന്ന് ദക്ഷിണ കന്നഡ എംപി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സമയക്രമം:
ട്രെയിൻ 56625- മംഗളൂരു സെൻട്രലിൽ നിന്ന് പുലർച്ചെ 4 മണിക്ക് പുറപ്പെട്ട് 6.30 ന് സുബ്രഹ്‌മണ്യയില്‍ എത്തും.
ട്രെയിൻ 56626- സുബ്രഹ്‌മണ്യയില്‍ നിന്ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് 9.30 ന് മംഗളൂരു സെൻട്രലിൽ എത്തും
ട്രെയിൻ 56629– രാവിലെ 10 മണിക്ക് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30 ന് സുബ്രഹ്‌മണ്യയില്‍ എത്തും
ട്രെയിൻ 56630- ഉച്ചയ്ക്ക് 1.45 ന് സുബ്രഹ്‌മണ്യയില്‍ നിന്ന് പുറപ്പെട്ട് 4.25 ന് സെൻട്രലിൽ എത്തിച്ചേരും.
ട്രെയിൻ 56627- വൈകുന്നേരം 5.45 ന് പുറപ്പെട്ട് രാത്രി 8.10 ന് സുബ്രഹ്‌മണ്യയില്‍ എത്തുന്നു.
ട്രെയിൻ 56628- രാത്രി 8.40 ന് സുബ്രഹ്‌മണ്യയില്‍ നിന്ന് പുറപ്പെട്ട് രാത്രി 11.10 ന് സെൻട്രലിൽ എത്തിച്ചേരും.
SUMMARY: Electrification; Electric train service started on the route from Mangaluru to Subrahmanya station