ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്ക് എതിരായ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് നടി സുപ്രീംകോടതിയില്‍ അപ്പീല്‍ സമർപ്പിച്ചത്.
കേസ് റദ്ദാക്കാനാകില്ലെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ആണ് ജാക്വലിൻ ഫെർണാണ്ടസ് സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ 2022 ല്‍ പട്യാല കോടതിയില്‍ നിന്ന് ജാമ്യം നേടിയ ജാക്വലിൻ ഫെർണാണ്ടസ് വർഷങ്ങളായി നിയമ പോരാട്ടത്തിലാണ്. കേസിലെ ഒന്നാം പ്രതി സുകേഷില്‍ നിന്ന് സമ്മാനങ്ങള്‍ കരസ്ഥമാക്കിയതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ജാക്വിലിൻ നേരിടുന്നത്.
തട്ടിപ്പില്‍ ഒരു പങ്കുമില്ലെന്നും തട്ടിപ്പിനെക്കുറിച്ച് അറിവില്ലെന്നുമാണ് നടി പറയുന്നത്. തട്ടിപ്പിനെക്കുറിച്ച് അറിവില്ലാതെയാണ് സമ്മാനങ്ങള്‍ സ്വീകരിച്ചതെന്നുമാണ് ജാക്വിലിന്‍റെ വാദം. ഫോർട്ടിസ് ഹെല്‍ത്ത് കെയർ മുൻ പ്രമോട്ടർ ശിവിന്ദർ സിങ്ങിന്റെ ഭാര്യ അതിഥി സിങ് നല്‍കിയ പരാതിയില്‍ ഡൽഹി പോലീസാണ് 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസെടുത്തത്.
ആദ്യം സുകേഷിനെയും പിന്നീട് ഭാര്യയും നടിയുമായ ലീന മരിയ പോളിനെയും അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇരുപതിലധികം പേർ അറസ്റ്റിലായിട്ടുണ്ട്. ഡൽഹി പോലീസ് സ്പെഷ്യല്‍ സെല്ലിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റ് ചെയ്തത്.
SUMMARY: Jacqueline Fernandez moves Supreme Court in Rs 200 crore fraud case, seeks quashing of case