കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഏർപ്പെടുത്തിയിരുന്ന ഇന്റർനെറ്റ് നിരോധനം പിൻവലിച്ച് താലിബാൻ സർക്കാർ. നിലവിൽ രാജ്യത്ത് ഭാഗികമായി ഇന്റർനെറ്റ് പുനഃസ്ഥാപിക്കുകയാണ് ഉണ്ടായത്. 48 മണിക്കൂർ നീണ്ട ഇന്റർനെറ്റ്, ടെലികോം സേവന നിരോധനം പിൻവലിച്ചതോടെ ആശ്വാസത്തിലായ അഫ്ഗാൻ ജനത തെരുവിലിറങ്ങി ആഘോഷിച്ചു.
താലിബാൻ പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച ഉച്ചയോടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും പുനഃസ്ഥാപിച്ചതായി ഖത്തറിലെ മുതിർന്ന താലിബാൻ വക്താവ് സുഹൈൽ ഷഹീനും വ്യക്തമാക്കി.
കഴിഞ്ഞ മാസം ആദ്യം തന്നെ ഇന്റർനെറ്റിന്റെ വേഗത കുറച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന താലിബാൻ സർക്കാർ തിങ്കളാഴ്ചയാണ് പൂർണമായ ഇന്റർനെറ്റ് നിരോധനം കൊണ്ടുവന്നത്.
അഫ്ഗാനിലെ ടെലിഫോണ്‍ സേവനവും അതേ ഫൈബര്‍ ലൈനില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇന്റർനെറ്റ് നിരോധനത്തോടൊപ്പം തന്നെ ഫോൺ കണക്ഷനും തകരാറിലായിരുന്നു. ഇന്റർനെറ്റ് ഉപയോഗം തിന്മയാണെന്ന് പറഞ്ഞ് താലിബാൻ നേതൃത്വം ഇടയ്ക്ക് നിരോധനം ഏർപ്പെടുത്താറുണ്ട്. രാജ്യത്തിനകത്ത് ഒരു ബദൽ സംവിധാനം കൊണ്ടുവരുമെന്ന വാദത്തോടുകൂടിയാണ് നിരോധനം. പെട്ടെന്നുള്ള ഇന്റർനെറ്റ് നിരോധനം ബാങ്കുകളുടെയും വിമാനത്താവളങ്ങളുടെയും പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു.
SUMMARY: Taliban lifts internet ban; Afghans celebrate in streets