ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ബെംഗളൂരു. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) സെപ്റ്റംബർ 29 ന് പുറത്തുവിട്ട 2023ലെ കണക്കുകള്‍ പ്രകാരം 292 കാൽനടയാത്രക്കാരാണ് വിവിധ അപകടങ്ങളിൽ മരിച്ചത്. 236 കാൽനടക്കാർ മരിച്ച അഹമ്മദാബാദ് ആണ് റിപ്പോര്‍ട്ട് പ്രകാരം രണ്ടാം സ്ഥാനത്ത്. 201 പേർ മരിച്ച ജയ്പുർ പട്ടികയിൽ മൂന്നാമതുമാണ്. 2022 ലും ബെംഗളൂരു ഒന്നാം സ്ഥാനത്തായിരുന്നു. 2022ൽ 247 പേരായിരുന്നു മരിച്ചത്.
915 പേരാണ് ബെംഗളൂരുവിൽ 2023ൽ വാഹനാപകടങ്ങളിൽ മരിച്ചത്. കാൽനടയാത്രക്കാരുടെ മരണം കൂടാതെ അപകടങ്ങളിൽ 1021 പേർക്കു പരുക്കേറ്റിട്ടുമുണ്ട്. 2023ൽ മുൻ വർഷത്തെക്കാൾ 30.3 ശതമാനം വർധനവാണ് വാഹനാപകടങ്ങളുടെ കണക്കില്‍ രേഖപ്പെടുത്തിയത്, ബെംഗളൂരുവിലെ വാഹനാപകട മരണങ്ങളിൽ 55 ശതമാനവും ഇരുചക്രവാഹന യാത്രികരാണ്. കാർ യാത്രികരാകട്ടെ 5 ശതമാനം മാത്രമാണ്. 64 ശതമാനം വാഹനാപകടങ്ങൾക്കും കാരണം അമിതവേഗതയാണെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ പറയുന്നു.
കാൽനടയാത്രക്കാരുടെ അപകടങ്ങള്‍ക്ക് പിന്നില്‍ മോശം റോഡുകൾ, കുഴികൾ, തകർന്നതോ കൈയേറിയതോ ആയ നടപ്പാതകൾ, തെറ്റായ പൊതു അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യുതാഘാതം എന്നിവയാണ് കാരണമായി ചൂണ്ടികാട്ടുന്നത്.
എൻസിആർബിയുടെ 2023 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യന്‍ നഗരങ്ങളിലായി 4.64 ലക്ഷം റോഡപകടങ്ങളും 1.73 ലക്ഷം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം റോഡപകട മരണങ്ങളിൽ യഥാക്രമം 9% ഡൽഹിയും 5.7% ബെംഗളൂരുവുമാണ്.
SUMMARY: Bengaluru tops the list again as the city with the highest number of pedestrian deaths in the country