നെടുമ്പാശ്ശേരി: വിമാന ശുചിമുറിയിലെ പ്രഷര്‍ പമ്പില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്താനുള്ള ശ്രമം പിടികൂടി. ഡിആര്‍ഐയുടെ പരിശോധനയിലാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത്. വ്യാപകമായി സംഘം ചേര്‍ന്ന് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം.
റാസല്‍ ഖൈമയില്‍ നിന്നും എത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയിലെ പ്രഷര്‍ പമ്പിലാണ് 625 ഗ്രാം സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ പിടിക്കൂടിയത്. സ്വര്‍ണം കൊണ്ടുവന്നത് ആരെന്നറിയാന്‍ ഈ വിമാനത്തിലെത്തിയ 181 യാത്രക്കാരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് നീക്കം.
വിമാനത്തിനുള്ളില്‍ ശുചീകരണ ചുമതല ഉണ്ടായിരുന്ന ജീവനക്കാരെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യും. വിമാനത്താവളവുമായി ബന്ധപ്പെട്ട ആരെയെങ്കിലും ഉപയോഗിച്ചോ ആഭ്യന്തര യാത്രക്കാരെ ഉപയോഗിച്ചോ കസ്റ്റംസ് പരിശോധന ഒഴിവാക്കി റാസല്‍ ഖൈമയില്‍ നിന്നും എത്തിച്ച ഈ സ്വര്‍ണം പുറത്ത് കടത്താനാകാം ലക്ഷ്യമിട്ടതെന്നും സംശയിക്കുന്നുണ്ട്.
SUMMARY: Gold seized after being hidden in plane’s toilet