ബെംഗളൂരു: നഗരത്തില്‍ വ്യാജ ബോംബ് ഭീഷണി വർധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പോലീസ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരുടെ വസതിക്കെതിരേയും വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. സ്‌കൂളുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും നേരെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്.
ഈ സാഹചര്യത്തില്‍ കേസുകള്‍ അന്വേഷിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനുമായാണ് ഒരു പ്രത്യേക സംഘം രൂപീകരിച്ചത്.
ബെംഗളൂരു വെസ്റ്റ് പോലീസ് ജോയിന്റ് കമ്മീഷണര്‍ സി. വംശി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഒരു ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി), ഒരു അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ (എസിപി), മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
നിലവില്‍, നഗരത്തിലുടനീളം 34 വ്യാജ ഭീഷണി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവ സംഘം അന്വേഷിച്ചുവരികയാണ്. മറ്റ് സംസ്ഥാനങ്ങളിലെ പോലീസുകാരുമായി സംഘം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. പ്രതികള്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകളും താല്‍ക്കാലിക ഇമെയില്‍ ഡൊമെയ്നുകളും ഉപയോഗിച്ച് തങ്ങളുടെ ലൊക്കേഷനുകള്‍ മറച്ചുവെച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
SUMMARY: Fake bomb threat increasing in Bengaluru; special team to investigate