റാഞ്ചി: 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. കൊലയ്ക്കുശേഷം ഭാര്യയുടെ മരണം റോഡപകടത്തിലൂടെയാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമിച്ചു. ഹസാരിബാഗില്‍ ഒക്ടോബര്‍ ഒമ്പതിനാണ് സംഭവം. നാല് മാസം മുമ്പായിരുന്നു സേവന്തി കുമാരിയും (23) മുകേഷ് കുമാര്‍ മേത്തയും (30) തമ്മിലുള്ള വിവാഹം. മൂന്ന് മാസം മുമ്പ് സേവന്തിയുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുത്തിരുന്നു. ഈ തുക കിട്ടാനാണ് മുകേഷ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് സേവന്തി റോഡപകടത്തില്‍ മരിച്ചുവെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
എന്നാല്‍, സേവന്തിയുടെ പിതാവ് മഹാവീര്‍ മേത്ത ഇത് വിശ്വസിച്ചില്ല. അദ്ദേഹം പൊലീസില്‍ പരാതി നല്‍കി. മരുമകന്‍ മകളുടെ പേരില്‍ 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുണ്ടെന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. ഭാര്യയുടെ അന്ത്യകര്‍മ ചടങ്ങില്‍ ഭര്‍ത്താവ് പങ്കെടുക്കാതിരുന്നതും സംശയത്തിനിടയാക്കി. മേത്തയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചപ്പോള്‍ സേവന്തിയുടെ ശരീരത്തില്‍ വളരെ കുറച്ചു പരിക്കുകള്‍ മാത്രമേയുള്ളുവെന്നും വാഹനാപകടമാണെങ്കില്‍ ഇതില്‍ കൂടുതല്‍ പരിക്കുകള്‍ ഉണ്ടാകുമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
ചോദ്യം ചെയ്യലില്‍ മുകേഷ് കുറ്റം സമ്മതിക്കുകയും ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായും അപകടം വ്യാജമാണെന്നും വെളിപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
SUMMARY: Husband arrested for killing wife to collect insurance money