തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിലെ നഴ്സുമാര്‍ ഉള്‍പ്പെടെ ജീവനക്കാരുടെ ജോലി സമയം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കിടക്കകളുടെ എണ്ണം നോക്കാതെയാണ് ജോലി സമയം ഏകീകരിച്ചത്. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒരേ ഷിഫ്റ്റ് സമ്പ്രദായമായി.
എല്ലാ ജീവനക്കാര്‍ക്കും 6-6-12 മണിക്കൂര്‍ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്നാണ് തൊഴില്‍ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. 100 കിടക്കളില്‍ അധികമുള്ള സ്വകാര്യ ആശുപത്രികളില്‍ മാത്രമായിരുന്നു ഇതുവരെ പകല്‍ 6 മണിക്കൂര്‍ വീതവും, രാത്രി 12 മണിക്കൂറും എന്ന ഷിഫ്റ്റ് സമ്പ്രദായമുണ്ടായിരുന്നത്. പുതിയ ഉത്തരവോടെ, കിടക്കകളുടെ എണ്ണം നോക്കാതെ ഷിഫ്റ്റ് സമ്പ്രദായം നിലവില്‍ വരും. അധിക സമയം ജോലി ചെയ്താല്‍ ഓവര്‍ടൈം അലവന്‍സ് നല്‍കണം.
മാസത്തില്‍ 208 മണിക്കൂര്‍ അധികരിച്ചാലാണ് അലവന്‍സ് നല്‍കുക. വി.വീരകുമാര്‍ കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചു 2021ല്‍ പുറത്തിറക്കിയ ഉത്തരവാണ് എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാക്കിയത്. നഴ്‌സുമാരുടെ സമരത്തെത്തുടര്‍ന്നാണ് സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ ജോലി സമയം സംബന്ധിച്ചു പഠനം നടത്താന്‍ മുന്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ വി. വീരകുമാര്‍ അധ്യക്ഷനായ കമ്മിറ്റിയെ 2012ല്‍ സര്‍ക്കാര്‍ നിയോഗിച്ചത്.
SUMMARY: Government issues order to have uniform shifts for nurses in all hospitals in the state