തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കേസിലെ പ്രതിപ്പട്ടികയിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബുവിനെ ബുധനാഴ്ച രാത്രി 10ന് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പെരുന്നയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
ഗൂഢാലോചനയുടെ കൂടുതല്‍ വിവരം മുരാരി ബാബുവിനെ ചോദ്യംചെയ്യുമ്പോള്‍ കിട്ടുമെന്നാണ് എസ്ഐടിയുടെ വിശ്വാസം. തിരുവനന്തപുരത്തുള്ള ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍. തട്ടിപ്പില്‍ ഉള്‍പ്പെട്ട ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടനുണ്ടാകും. പ്രതിചേര്‍ത്ത ഒന്‍പതുപേരും ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലും വലയത്തിലുമാണ്. അതിനാല്‍ തന്നെ കൂടുതല്‍ ആളുകളെ കസ്റ്റഡിയിലെടുക്കാനുള്ള സാധ്യത കാണുന്നുണ്ട്.
ശ്രീകോവിലിനുമുന്നിലെ ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണം പതിച്ച പാളികള്‍ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയത് അഡ്മിനിസട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ്. ഇയാളെ നേരത്തേ തന്നെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.2019 ജൂണ്‍ 17നാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലകശില്‍പങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത് ചെമ്പുതകിടാണെന്ന് രേഖപ്പെടുത്തി മുരാരി ബാബു ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് നല്‍കിയത്.
തുടര്‍ന്ന് സ്വര്‍ണംപൂശലിനായി ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി. 2024-ല്‍ ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറായിരുന്നപ്പോഴും ദ്വാരപാലകശില്‍പങ്ങളിലെ അടുത്ത അറ്റകുറ്റപ്പണിക്കും പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരിട്ട് കൈമാറാനായിരുന്നു മുരാരി ബാബുവിന്റെ ശുപാര്‍ശ. എന്നാല്‍, ദേവസ്വം ബോര്‍ഡ് ഇത് തള്ളുകയും നേരിട്ട് ചെന്നൈയിലെത്തിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും സ്വര്‍ണം പൂശുന്നതിന് എത്തിക്കുന്നതും മുരാരി ബാബുവാണ്.
SUMMARY: Sabarimala gold robbery: Murari Babu in custody