ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ബി.എസ്. യെദ്യൂരപ്പയുടെ പേരിലുള്ള പോക്സോ കേസ് തള്ളണമെന്ന ഹർജിയില്‍ കർണാടക ഹൈക്കോടതി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. എം.ഐ. അരുണിന്റെ സിംഗിൾ ബെഞ്ചാണ് ഹർജിയിൽ ഇരുഭാഗത്തിന്റെയും വാദം കേട്ടത്.
ശിവമൊഗ്ഗ ശിക്കാരിപുര സ്വദേശിനിയായ 17 വയസ്സുള്ള പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. 2024 മാർച്ച് 14-നാണ് പെൺകുട്ടിയുടെ അമ്മ യെദ്യൂരപ്പയുടെ പേരിൽ പോലീസിൽ പരാതി നൽകിയത്. ഒരു കേസിൽ സഹായമഭ്യർഥിച്ച് മകളോടൊപ്പം യെദ്യൂരപ്പയുടെ വീട്ടിലെത്തിയപ്പോൾ മകളുടെ നേർക്ക് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. പരാതിയിൽ പോക്സോ നിയമം ചുമത്തി സദാശിവനഗർ പോലീസാണ് യെദ്യൂരപ്പയുടെ പേരിൽ കേസെടുത്തത്. മജിസ്ട്രേട്ട് മുൻപാകെ പെൺകുട്ടി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണു കേസെടുത്തത്.
ഇതേ തുടര്‍ന്ന് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദൃക്സാക്ഷികളോ തെളിവുകളോ ഇല്ലെന്നും തികച്ചും രാഷ്ട്രീയ പ്രേരിതമാണ് ആരോപണമെന്നുമാണു യെഡിയൂരപ്പയുടെ വാദം. കേസില്‍ യെദ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
SUMMARY: Karnataka HC reserves order on Yediyurappa’s POCSO plea














