ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ നടിക്കെതിരെ പോലീസ് കേസെടുത്തു. ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപത്ത് വച്ചായിരുന്നു അപകടം. ഈ മാസം 4 ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.
അമിത വേഗത്തിലെത്തിയ കാർ ബൈക്ക് യാത്രക്കാരായ കിരണ്‍, അനുഷ, അനിത എന്നിവരെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേർക്ക് പരുക്കേറ്റു. കിരണിനും അനുഷയ്ക്കും നിസ്സാര പരുക്കുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. അനിതയ്ക്ക് കാലിന് ഒടിവ് ഉണ്ടായതിനെ തുടര്‍ന്ന് ബിജിഎസ് ആശുപത്രിയില്‍ ശസ്ത്രക്രിയ ആവശ്യമായി വന്നു.
തുടർന്ന് ഇവർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവ സ്ഥലത്തെയടക്കം നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് വാഹനം ദിവ്യ സുരേഷിന്റേതാണെന്ന് വ്യക്തമായത്. അപകടസമയം കാർ ഓടിച്ചിരുന്നത് ദിവ്യ തന്നെയാണെന്നും പോലീസ് കണ്ടെത്തി.
സംഭവത്തില്‍ നടിയുടെ കാർ പോലീസ് പിടിച്ചെടുത്തതായി ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി അറിയിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. അപകടത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നതിനനുസരിച്ച് കേസിന്റെ തുടർനടപടികള്‍ വ്യക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.
SUMMARY: Case filed against actress Divya Suresh for hitting and throwing bikers














